ആലപ്പുഴ: മുൻ വൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്ക് ഏഴു വർഷം കഠിനതടവും 17,000 രൂപ വീതം പിഴയും. ഹരിപ്പാട് പഞ്ചായത്ത് എട്ടാം വാർഡിൽ വാലുപറമ്പിൽ ഷിജീവ് (37), പള്ളിപാട് പാലത്തുംപാട്ടിൽ സന്തോഷ് കുമാർ (50), ഹരിപ്പാട് പ്രഭാഷ്ഭവനത്തിൽ പ്രഭാഷ് (38), പ്രദീപാലയം വീട്ടിൽ പ്രദീപ് (39) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഹരിപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജഡ്ജി എം. ഷുഹൈബിന്റേതാണ് വിധി.
2013 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹരിപ്പാട് പഞ്ചായത്ത് 8 -ാം വാർഡിൽ പുലാപ്പുഴ തെക്ക് മുറിയിൽ കാവുപറമ്പിൽ വീട്ടിൽ അനീഷ് കുമാറിന് വീടിന് സമീപത്തുവച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു. രണ്ടു മോട്ടോർ സൈക്കിളിലെത്തിയ നാട്ടുകാരായ പ്രതികൾ ആയുധങ്ങളുമായാണ് ആക്രമിച്ചത്.
ഒന്നാം പ്രതി ഷിജീവിനെ മുമ്പ് ആക്രമിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം. ഷിജീവ് വാളുകൊണ്ട് അനീഷ് കുമാറിന്റെ വലതു ചെവിയുടെ ഭാഗത്ത് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താഴെ വീണ അനീഷ് കുമാറിനെ 2-ാം പ്രതി സന്തോഷ് കുമാർ ഇരുമ്പ് കമ്പിക്ക് അടിച്ചു. 3-ാം പ്രതി നാഭിക്ക് ചവിട്ടിയും 4 -ാം പ്രതി കൈ കൊണ്ട് അടിച്ചും പരിക്കേൽപ്പിച്ചു . വീട്ടിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച അനീഷ് കുമാറിനെ പിൻതുടർന്ന് വീട്ടിൽ എത്തിയ പ്രതികൾ ആക്രമം തടയാൻ ശ്രമിച്ച അമ്മ വിജയമ്മയെയും നാട്ടുകാരൻ സുജേഷിനെയും ആക്രമിച്ചു.
ഹരിപ്പാട് പോലീസ് സബ് ഇൻസ്പെക്ടർമാരായ നന്ദഗോപാൽ, ബിജു വി. നായർ, സർക്കിൾ ഇൻസ്പെക്ടർമാരായ കെ.എസ്. ഉദയഭാനു, ടി. മനോജ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ എസ്സി പിഒ രജനീഷ് ബാബു, സിപിഒ സി. അമൽ എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ എൻ.ബി. ശാരി ഹാജരായി.