ബിജു
നേമം: പാപ്പനംകോട് പാറയില്‍ക്കടവ് റോഡില്‍ വെച്ച് സ്ത്രീയെ കാറിനുള്ളില്‍ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടുകൂടിയാണ് സംഭവം. കരിമഠം സ്വദേശിനിയായ 53കാരിയേയാണ് ബിജു എന്നയാൾ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
വീട്ടമ്മയെ കിള്ളിപ്പാലത്തുനിന്നും ബലമായി കാറില്‍ കയറ്റി പാപ്പനംകോട് നിന്നും തമലം ഭാഗത്തേയ്ക്ക് പോകുന്ന പാറയില്‍ക്കടവ് റോഡിലെത്തിച്ച ശേഷം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ റോഡില്‍ വീഴുകയും ചെയ്തു.
ഇതിനിടയില്‍ ബിജു കാറില്‍ കയറി രക്ഷപ്പെട്ടെങ്കിലും മേലാംകോട് - കരുമം ഭാഗത്ത് വെച്ച് നാട്ടുകാര്‍ തടഞ്ഞ് കരമന പോലീസിനെ ഏല്‍പ്പിച്ചു. പരിക്കേറ്റ വീട്ടമ്മ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് .
കരമന പോലീസിന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. ഇവര്‍ നേരത്തെ പരിചയക്കാരാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി.