പ്രതീകാത്മക ചിത്രം
വിഴിഞ്ഞം: ക്രൂ ചേഞ്ചിംഗിനായി ഇന്ത്യയിലെ തുറമുഖങ്ങൾ തുറന്നിടുന്നതായ അധികൃതരുടെ അറിയിപ്പുണ്ടായിട്ട് ഒന്നരമാസം പിന്നിടുന്നു. തുടർനടപടികൾ എടുക്കാതെ ബന്ധപ്പെട്ടവർ.
ഇക്കഴിഞ്ഞ ജൂലൈ അവസാന വാരമാണ് നാലു വർഷം മുൻപ് നിർത്തിവച്ച ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിക്കുന്നതായ അറിയിപ്പുണ്ടായാത്. അതിനുശേഷം രണ്ടാഴ്ചക്കുള്ളിൽ എസ്ഒപി എന്ന കടമ്പയും കടന്നു കപ്പലുകളെ അടുപ്പിക്കാമെന്ന് സ്റ്റീമർ അസോസിയേഷൻകാർ കരുതിയെങ്കിലും അതുണ്ടായില്ല. കൂടാതെ ഓണത്തിനുശേഷം എല്ലാ തടസങ്ങളും നീങ്ങുമെന്ന് വിശ്വസിച്ച് കേരളത്തിൽ ഏറ്റവും അധികം പ്രയോജനം ചെയ്യുന്ന വിഴിഞ്ഞത്തിന് വേണ്ടി കപ്പൽ ഏജൻസികൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല . അധികം വൈകാതെ അവസാനവട്ട അറിയിപ്പും ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് അധികൃതർ.
ഏതു സമയത്തു വേണമെങ്കിലും കപ്പലുകളെ വരവേൽക്കാനുള്ള തയാറെടുപ്പുമായി വിഴിഞ്ഞം തുറമുഖത്തിലെ പോർട്ടിനും കസ്റ്റംസിനും ഇമിഗ്രേഷനുമായുള്ള ഫെസിലിറ്റേഷൻ സെന്ററിന്റെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി. ഇവിടെ എസി വയ്ക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായും അറിയുന്നു.
നാലു വർഷം മുന്പുവരെ രാവും പകലും തിരക്കിലായിരുന്ന ആ നല്ലകാലത്തിന്റെ തിരിച്ച് വരവിൽ അധികൃതരും ഏറെ പ്രതീക്ഷയിലാണ്. കോവിഡ് കാലത്തെ രണ്ടു വർഷത്തിനുള്ളിൽ വിഴിഞ്ഞത്തെത്തിയ 750 കപ്പലുകളിൽനിന്നു 12 കോടിയിൽപ്പരം രൂപ സർക്കാരിന്റെ ഖജനാവിലേക്കും ഒഴുകിയിരുന്നു. ഇന്ത്യയിൽ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാൻ പറ്റാത്ത തരത്തിലുള്ള വമ്പൻ കുതിപ്പിന് നാന്ദി കുറിക്കാനും മഹാമാരിക്കാലത്ത് വിഴിഞ്ഞത്തിനായി. തുടർന്നു പെട്ടെന്ന് നിർത്തലാക്കിയ ക്രൂ ചേഞ്ചാണ് പുനരാരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇതു സംബന്ധിച്ചുള്ള സർക്കുലർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ ജൂലൈ അവസാന വാരം പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവിന്റെ തുടർ നടപടികളാണ് സാങ്കേതിക കാരണം പറഞ്ഞ് ഇഴക്കുന്നത്.
ഡിജിഎമ്മിന്റെ ഉത്തരവ് നടപ്പിലാകുമ്പോൾ വൻകിട കപ്പലുകൾ കടലിൽ അണിനിരക്കുന്ന രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ ഉള്ള അപൂർവ നേട്ടത്തിനും വിഴിഞ്ഞം സാക്ഷ്യം വഹിക്കും. ഒരു അന്താരാഷ്ട്ര തുറമുഖത്തിനു വേണ്ട കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗം, ഐഎസ്പി എസ്, ഐസിപി കോഡുകളും ഇരു തുറമുഖങ്ങൾക്കും ഉണ്ടെന്നതാണ് വിഴിഞ്ഞത്തെ വ്യത്യസ്ഥമാക്കുന്നത്.
വിഴിഞ്ഞത്തുനിന്നു കിഴ ക്കോട്ടു പൂവാർവരെയാണ് അദാനി തുറമുഖത്തിന്റെ അതിർത്തിയെങ്കിൽ വിഴിഞ്ഞത്തു നിന്നു പടിഞ്ഞാറോട്ട് കോവളം വരെയാണ് മാരിടൈം ബോർഡിന്റെ അതിർത്തി. ദൗത്യത്തിനായി അന്താരാഷ്ട്ര കപ്പൽ ചാനലും താണ്ടി എത്തുന്ന കപ്പലുകൾക്കു നിശ്ചയിക്കപ്പെട്ട അതിർത്തികളിൽ നങ്കൂരമിടാം. ലോകത്തിലെ കപ്പൽ ഏജന്റുമാരുടെ ഏറ്റവും പ്രീയപ്പെട്ട ഇടമായ വിഴിഞ്ഞത്തേക്ക് ക്രൂ ചേഞ്ചിംഗി നായി കപ്പലെത്തിക്കുന്നതിനുള്ള ഊർജിത ശ്രമവും സ്റ്റീമർ അസോസിയേഷൻ അധികൃതർ ആരംഭിച്ചതായാണറിവ്.
Tags : District News Nattuvishesham crew change