സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി.കെ രാമകൃഷ്ണൻ കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ അദാലത്ത് നടത്തുന്നു.
കൽപ്പറ്റ: വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും അഴിമതികൾ പുറത്തു കൊണ്ടുവരാൻ സഹായകമായെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ.ടി.കെ. രാമകൃഷ്ണൻ. കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ വിവരാവകാശ കമ്മിഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നതാണ് വിവരാവകാശ നിയമം. വിവരങ്ങൾ ജനകീയമാകണം. ഫയൽ പരിപാലന രജിസ്റ്ററുകൾ കാലാനുസൃതമായി സൂക്ഷിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം ഓഫിസ് മേധാവിക്കാണ്. ഫയൽ കാണുന്നില്ല, ലഭ്യമല്ല തുടങ്ങിയ മറുപടികളാണ് ചില ഉദ്യോഗസ്ഥർ വിവരാവകാശ അപേക്ഷകൾക്ക് നൽകുന്നത്. ഫയൽ കാണാതായിട്ടുണ്ടെങ്കിൽ ഓഫിസ് മേധാവി നിയമ നടപടി സ്വീകരിക്കണം.
ജനങ്ങൾക്ക് എളുപ്പത്തിലും കുറഞ്ഞ ചെലവിലും അവകാശങ്ങൾ ഉറപ്പാക്കാനാണ് കമ്മിഷൻ പോലുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. വിവരം ഉൾക്കൊള്ളുന്ന ഫയലുകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കും.
വിവരം കൈമാറുകയെന്നത് പബ്ലിക് ഇൻഫർമേഷൻ ഓഫിസർമാരുടെ മാത്രം ചുമതലയല്ല. ഫയൽ ഓഫിസിൽ ആരുടെ കൈവശമാണെങ്കിലും അവരിൽനിന്ന് വിവരം ലഭ്യമാക്കി നൽകേണ്ട ചുമതല പൊതു വിവരാവകാശ ഓഫിസർക്കാണെന്നും കമ്മിഷണർ പറഞ്ഞു. അദാലത്തിൽ 12 പരാതികൾ പരിഹരിച്ചു.