നിലന്പൂരിൽ ജനശ്രീ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: സാധാരണക്കാരുടെ വീട്ടുമുറ്റത്ത് ബാങ്ക് പോലെ പ്രവർത്തനം നടത്തുന്ന കേരളത്തിലെ വലിയ സ്വതന്ത്ര സ്ഥാപനമാണ് "ജനശ്രീ’ എന്ന് ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസൻ പറഞ്ഞു.
നിലന്പൂർ ഒസികെ ഓഡിറ്റോറിയത്തിൽ ജനശ്രീയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയത്വം ഉണ്ടായാലേ യഥാർഥ സ്വാതന്ത്ര്യം കൈവന്നു എന്ന് പറയാൻ കഴിയൂ എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളെ അന്വർഥമാക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് ജനശ്രീ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ മുഴുവൻ ബാങ്കുകളും ജനശ്രീക്ക് വായ്പകൾ നൽകുന്നുണ്ട്. അതെല്ലാം കൃത്യസമയത്ത് തിരിച്ചടക്കുന്നതിനാൽ പുതിയ വായ്പകൾ വീണ്ടും ലഭിക്കുന്നതിന്റെ പ്രയോജനം ഇപ്പോൾ ആറുലക്ഷം വരുന്ന സംസ്ഥാനത്തെ ജനശ്രീ അംഗങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസർഗോഡ് മുതൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ലക്ഷക്കണക്കിന് പേർക്കാണ് ജനശ്രീയുടെ പ്രയോജനം കിട്ടുന്നത്. ഇത് കേരളത്തിലെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മയാണെന്നും ഹസൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ജില്ലാ ചെയർമാൻ അബ്ദുൾ അലി അധ്യക്ഷത വഹിച്ചു. ജനശ്രീയെ ചിട്ടയായ പ്രവർത്തനത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ജനശ്രീ ഭാരവാഹികൾക്ക് പരിശീലനം നൽകും.
സമ്മേളനത്തിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎയെ ജനശ്രീയുടെ പേരിൽ എം.എം. ഹസൻ അനുമോദിച്ചു. സ്വാഗതസംഘം ചെയർമാൻ വി.എ. കരീം, മുൻ ജില്ലാ ചെയർമാനും ജനശ്രീ കേന്ദ്ര കമ്മിറ്റിയംഗവുമായ എൻ.എ. കരീം, നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, ഡിസിസി ജനറൽ സെക്രട്ടറി എ. ഗോപിനാഥ്, പാലോളി മെഹബൂബ്, കെ.ടി. മുനീർ തുടങ്ങിയവർ പ്രസംഗിച്ചു. വ്യവസായ കേന്ദ്രം മുൻ ഓഫിസർ ഉണ്ണികൃഷ്ണൻ, റിട്ടയേർഡ് എസ്ഐ ജോബ് ചെറിയാൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.