പാലപ്പിള്ളി ചക്കിപ്പറമ്പ് ആദിവാസി ഉന്നതിക്കുസമീപം മലമ്പതി പ്രദേശത്തെ ഉന്നതിയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച നിലയില്‍.
പാലപ്പിള്ളി: ചക്കിപ്പറമ്പ് ആദിവാസി ഊരിലും പ്രദേശത്തെ പറമ്പുകളിലും കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. രണ്ടുദിവസമായി മേഖലയില്‍ ഭീതിപരത്തുന്ന ആനക്കൂട്ടത്തെ കാടുകയറ്റാന്‍ വനപാലകര്‍ നടപടിയെടുക്കാ ത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. മലമ്പതി പ്രദേശത്തെ പറമ്പുകളിലും ആദിവാസി ഊരി ലുമാണ് ആനക്കൂട്ടം നാശം വിതച്ചത്.
വാഴ, കവുങ്ങ്, തെങ്ങ്, പച്ചക്കറി എന്നിവയെല്ലാം കാട്ടാനകള്‍ പിഴുതെറിഞ്ഞ നിലയിലാണ്. കുമ്പളപ്പറമ്പില്‍ ഇബ്രാഹിം, കളത്തിങ്കല്‍ ഡേവിസ്, ചീനിക്കല്‍ റഷീദ്, കുമ്പളപ്പറമ്പില്‍ മറിയുമ്മ, ചീനിക്കല്‍ റസാഖ് എന്നിവരുടെ പറമ്പിലാണ് ആനകള്‍ ഇറങ്ങിയത്. സോളാര്‍ വേലി തകര്‍ത്താണ് ആനക്കൂട്ടം വീട്ടുപറമ്പിലേക്ക് എത്തുന്നത്.
ഒരു മാസത്തിനിടെ പല തവണകളിലാണ് ഇവരുടെ പറമ്പുകളില്‍ ആനകളെത്തി കൃഷി നശിപ്പിച്ചത്. രാത്രികളില്‍ പറമ്പുകളില്‍ തമ്പടിക്കുന്ന ആനകളെ പടക്കം പൊട്ടിച്ചാണ് നാട്ടുകാര്‍ കാടുകയറ്റുന്നത്. വൈകീട്ടാകുന്നതോടെ ഉന്നതിയിലേക്കുള്ള റോഡിലും റബര്‍ തോട്ടങ്ങളിലും ആനകള്‍ നിലയുറപ്പിക്കുന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ വീടുകളില്‍ എത്തുന്നതു ഭീതിയോടെയാണ്. കാട്ടാന തകര്‍ത്ത വൈദ്യുതി വേലി പുനഃസ്ഥാപിക്കാന്‍ യാതൊരുവിധ നടപടികളും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും കാട്ടാന ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാതെയായെന്ന് ഉന്നതി നിവാസിയായ പുഷ്പന് പറയുന്നു.
ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുന്ന ആനക്കൂട്ടത്തെ കാടുകയറ്റാന്‍ ആവശ്യത്തിന് വാച്ചര്‍മാരെയും ആര്‍ആര്‍ടി അംഗങ്ങളെയും നിയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വനാതിര്‍ത്തിയില്‍ ട്രഞ്ചുകള്‍ തീര്‍ത്ത് കാട്ടാനകളെ തടയണമെന്ന ആവശ്യത്തിന് വനംവകുപ്പ് യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
Tags : NattuVishesham DistrictNews