തെക്കുംകര പഞ്ചായത്തിൽ അസി. എൻജിനിയർ ഇല്ലാത്തതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന എൻജിനിയറുടെ കാര്യാലയം.
വടക്കാഞ്ചേരി: അസി. എൻജിനിയറും ഓവർസിയർമാരും ഇല്ലാതായിട്ട് മാസങ്ങൾപിന്നിടുന്നു. വികസന പ്രവർത്തനങ്ങൾ സ്തംഭിച്ച് തെക്കുംകരപഞ്ചായത്ത്. ജനങ്ങളും ദുരിതത്തിൽ. പഞ്ചായത്തിൽ ഉണ്ടായിരുന്ന എൻജിനിയർ സ്ഥലംമാറി പോകുകയും പകരം വരവൂർ പഞ്ചാ യത്തിലെ എൻജിനിയർക്ക് ചാർജ് നൽകിയിട്ടുണ്ടെങ്കിലും നാളിതുവരെ പഞ്ചായത്തിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ലന്ന് അധികൃതർ പറഞ്ഞു.
രണ്ട് ഓവർസിയർമാരാണു നിയമപരമായി ഉള്ളത്. എന്നാൽ ആ പോസ്റ്റിലേക്ക് ഉദ്യോഗസ്ഥരെ നൽകിയിട്ടില്ല. പകരം ദിവസവേതനാടിസ്ഥാനത്തിലാണു രണ്ടുപേരെ പഞ്ചായത്ത് നിയമിച്ചിട്ടുള്ളത്.
പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളും കെട്ടിടനിർമാണം ഉൾപ്പടെയുള്ള പ്രവൃത്തികളും മുന്നോട്ടുപോകണമെങ്കിൽ എൻജിനിയറുടെ സാന്നിധ്യം ഉണ്ടാകണം.
മലയോര - കാർഷിക പഞ്ചായത്തായ തെക്കുംകര പഞ്ചായത്തിൽ19 വാർഡുകളിലും റോഡ് നിർമാണങ്ങൾ നടക്കണമെങ്കിൽ എൻജിനിയറുടെ അംഗീകാരത്തോടെ എസ്റ്റിമേറ്റെടുത്ത് ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് എൻജിനിയറില്ലാതെ പഞ്ചായത്ത് ദുരിതത്തിലായത്.
വിഷയത്തിന്റെ ഗൗരവം ഇന്നു പഞ്ചായത്തിൽ നടക്കുന്ന ഭരണസമിതിയോഗത്തിൽ പ്രത്യേക അജൻഡയായി അവതരിപ്പിക്കാനും ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഡെ പ്യൂട്ടി ഡയറക്ടറെകണ്ട് വിവരം ധരിപ്പിക്കാനും വിഷയം ഗൗരവമായി എടുത്തില്ലെങ്കിൽ ഓഫീസിനുമുന്നിൽ പ്രസിഡന്റും വൈസ് പ്രസിഡന്റുമുൾപ്പടെയുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും വൈസ് പ്രസിഡന്റ്് ഇ.എൻ. ശശി വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണമാറ്റംവന്നതോടെ പഞ്ചായത്തിൽ സെക്രട്ടറിയേയും സ്ഥലംമാറ്റിയിരുന്നു. പകരം സെക്രട്ടറിയുടെ ചുമതല അസി. സെക്രട്ടറിക്കായിരുന്നു. എന്നാൽ, ദീർഘനാളുകൾക്കുശേഷം കഴിഞ്ഞ ദിവസമാണു സെക്രട്ടറി തെക്കുംകരയിലെത്തിയത്.
Tags : NattuVishesham DistrictNews