കുപ്പച്ചി ഊരിലേക്കുള്ള നടപ്പാലത്തിന്റെ മഴക്കാലദൃശ്യം.
മേപ്പാടി: പഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട കുപ്പച്ചി ഊരിനെ പുറം ലോകവുമായി ബന്ധപ്പിക്കുന്ന കോണ്ക്രീറ്റ് നടപ്പാലം അപകടാവസ്ഥയിൽ. മൂന്ന് അടി മാത്രം വീതിയുള്ളതാണ് നടപ്പാലം. വർഷങ്ങൾ മുന്പ് കൈവരികൾ തകർന്ന നടപ്പാലത്തിന്റെ അടിത്തറയും ഇപ്പോൾ ദുർബലം. വാഹന ഗതാഗതത്തിന് ഉതകുന്ന പാലം കുപ്പച്ചിക്കടുത്ത് മീനാക്ഷി പുഴയ്ക്കുകുറുകേ പണിയണമെന്ന ആവശ്യത്തിന് ഉത്തരവാദപ്പെട്ടവർ കാതുകൊടുക്കുന്നില്ല.
മഴ ശക്തമാകുന്പോഴെല്ലാം ഊരിലെ 46 കുടുംബങ്ങളും പുറംലോകവുമായുള്ള ബന്ധം അറ്റുപോകും. ആളുകൾക്ക് ജോലിക്കും സാധനങ്ങൾ വാങ്ങുന്നതിന് അങ്ങാടിക്കും പോകാൻ കഴിയാതാകും. കര കവിഞ്ഞൊഴുകുന്ന പുഴ മുറിച്ചുകടക്കാൻ പറ്റാത്തിനാൽ കുട്ടികളുടെ പഠനം മുടങ്ങും. പാലം ഇല്ലാത്തതുമൂലം ഊരിൽ വാഹനം എത്താത്തിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് സാഹസമാകും.
സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകാനാകാതെ രോഗി മരിച്ച സംഭവം അടുത്തകാലത്തുണ്ടായി. 2009, 2011, 2018, വർഷങ്ങളിലെ പ്രളയകാലത്തും 2019ൽ പുത്തുമലയിൽ ഉരുൾ പൊട്ടിയപ്പോഴും അടുത്തിടെ കള്ളാടി മീനാക്ഷിയിൽ മണ്ണിടിഞ്ഞപ്പോഴും ഊരിലെ കുടുംബങ്ങൾ ഒറ്റപ്പെട്ടുപോയിരുന്നു.
Tags : District News Nattuvishesham No bridge Kuppachi tribal