പുത്തൂർവയലിൽ അഗ്രി ടെക്നോളജി മീറ്റിന്റെ ഭാഗമായി നടന്ന ഡ്രോണ്‍ പൈലറ്റ് പരിശീലനം കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: കാർഷികവൃത്തി കൂടുതൽ ആദായകരമാകുന്ന വിധം ഉത്പാദനം വർധിപ്പിക്കാൻ കർഷകർ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ നിലയത്തിൽ സംഘടിപ്പിച്ച അഗ്രി ടെക്നോളജി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനം കൃഷിയുടെ ആധുനികവത്കരണത്തിലേക്കുള്ള ചുവടുവയ്പ്പാണ്. കേരളത്തിലെ കാർഷിക മേഖലയെ ആധുനികവും കാര്യക്ഷമവും സുസ്ഥിരവുമാക്കാൻ ഡ്രോണുകൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. ഡ്രോണ്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കാൻ സാങ്കേതിക പരിജ്ഞാനം, പ്രവർത്തന നൈപുണി, സുരക്ഷാ നടപടി സംബന്ധിച്ച വിഷയങ്ങളിൽ പരിശീലനം നേടിയവരുടെ ലഭ്യത എന്നിവ ആവശ്യമാണ്. ഇത് ലക്ഷ്യമിട്ടാണ് സർക്കാർ കാർഷിക ഡ്രോണ്‍ പൈലറ്റ് ലൈസൻസ് പരിശീലനം നൽകുന്നത്. ആദ്യഘട്ടത്തിൽ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ, കണ്ണുർ ജില്ലകളിലെ 20 പേർക്ക് വീതം ലൈസൻസ് എടുത്തുനൽകുകയാണ് പദ്ധതി ലക്ഷ്യം.
വയനാട് ഉൾപ്പെടെ ജില്ലകൾ നേരിടുന്ന കടുത്ത കാലാവസ്ഥാ വ്യതിയാനവും വരൾച്ചയും നേരിടാൻ സമഗ്രമായ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കും. കൃഷിയിടങ്ങളിൽ മഴവെള്ളം പരമാവധി സംഭരിച്ച് ഭൂഗർഭ ജലനിരപ്പ് ഉയർത്താൻ കർഷകർ ശ്രദ്ധിക്കണം. വിദൂര മേഖലകളിലെ കർഷകർക്ക് സമയബന്ധിതമായി സാങ്കേതിക സഹായം ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് മൊബൈൽ അഗ്രോ മെഷിനറി സർവീസ് യൂണിറ്റുകൾ ആരംഭിക്കുന്നത്.
കൃഷിയിടങ്ങളളിലെ വന്യമൃഗശല്യം തടയുന്നതിന് പ്രത്യേക കോണ്‍ക്ലേവ് സംഘടിപ്പിക്കും. വന്യമൃഗ ആക്രമണത്താൽ വിളനാശം സംഭവിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കാൻ 192 കോടി രൂപ സർക്കാർ മാറ്റിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മീറ്റിന്റെ ഭാഗമായി നടന്ന കാർഷിക ഡ്രോണ്‍ പൈലറ്റ് പരിശീലനം മന്ത്രി ഉദ്ഘാടനം ചെയ്തു. അഗ്രോ മെഷിനറി സർവീസ് ആൻഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് സ്ക്വാഡ് യൂണിറ്റുകൾ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്മാം വനിതാ കർഷക സംഗമം ഉദ്ഘാടനം അവർ നിർവഹിച്ചു.
സ്മാം പദ്ധതി ഗ്രൂപ്പുകൾക്കുള്ള കാർഷികയന്ത്രങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ നിർവഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.ജെ. സീന, സ്റ്റേറ്റ് അഗ്രികൾച്ചറൽ എൻജിനിയർ ആർ. ജയരാജൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജിനി തോമസ്, വി.എൻ. ശശീന്ദ്രൻ, ഗിരിജ കൃഷ്ണൻ, സൽമ മൊയിൻ, ആത്മ പ്രോജക്ട് ഡയറക്ടർ എ.ആർ. സുരേഷ്, ഡോ.നീരവ് യു. ജോഷി തുടങ്ങിയവർ പങ്കെടുത്തു.