ഇന്ന് വെഞ്ചരിപ്പ് കർമം നടക്കുന്ന പട്യാല ബാരനിലെ മദർ മേരി കാത്തലിക് ചർച്ച്.
പട്യാല: പഞ്ചാബിന്റെ മണ്ണിൽ തലശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനങ്ങൾക്ക് പൊൻതൂവൽ. അതിരൂപത പഞ്ചാബ് മിഷനിൽ ആദ്യമായി നിർമിച്ച ദേവാലയമായ പട്യാല ബാരനിലെ മദർ മേരി കാത്തലിക് ചർച്ചിന്റെ വെഞ്ചരിപ്പുകർമം ഇന്നു നടക്കും. 2021 മാർച്ചിൽ ആരംഭിച്ച ഒരു മിഷൻ യാത്രയുടെ ദൈവാനുഗ്രഹപൂർണമായ മറ്റൊരു നാഴികക്കല്ലാണിതെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. വാടകവീട്ടിലെ ലളിതമായ പ്രാർഥനകളിൽനിന്ന് സ്വന്തമായ ദേവാലയത്തിലേക്കുള്ള യാത്ര പ്രതിസന്ധികൾക്കിടയിലും ദൈവത്തിൽ ആശ്രയിച്ചാൽ ഒരു ചെറിയ വിത്ത് വലിയ വൃക്ഷമായി വളരുമെന്നതിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു രാവിലെ 10.30ന് ആഘോഷമായ വിശുദ്ധ കുർബാനയും പള്ളി വെഞ്ചരിപ്പും നടക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവർ തിരുക്കർമങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും. ആഘോഷപരിപാടികളിൽ തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫരീദാബാദ് അതിരൂപത വികാരി ജനറാൾ മോൺ. ജോൺ ചോഴിത്ര, മോൺ. സിറിയക് കൊച്ചാലുങ്കൽ സിഎസ്ടി, ഫാ. ജോർജ് ആലുക്ക സിഎസ്ടി, തലശേരി അതിരൂപത ചാൻസലർ ഫാ. ഡോ. ബിജു മുട്ടത്തുകുന്നേൽ, ബാരനിലെ ചിന്മയ മിഷൻ ചെയർമാൻ സ്വാമി മാധവാനന്ദ എന്നിവർ പങ്കെടുക്കും. ബാരൻ മദർ മേരി കാത്തലിക് ചർച്ച് വികാരി ഫാ. മനോജ് കരിന്പൂഴിക്കൽ സ്വാഗതം ആശംസിക്കും.
2021 മാർച്ചിലാണ് തലശേരി അതിരൂപത പഞ്ചാബിൽ മിഷൻപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളി, ഫാ. സ്റ്റിനോ മുക്കുഴി എന്നിവരാണ് ആദ്യം പഞ്ചാബിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പരിചിതമല്ലാത്ത ദേശവും ഭാഷയും സംസ്കാരവും നിരവധി പ്രതിസന്ധികളും ആദ്യകാല മിഷൻ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായി. എന്നാൽ, പ്രാർഥനയും വിശ്വാസവും ദൈവാശ്രയവും അവരെ മുന്നോട്ടുനയിച്ചു. തുടർന്ന് പട്യാലയിലെ ബാരൻ എന്ന സ്ഥലത്ത് ഒരു വാടകവീട് കണ്ടെത്തി മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിമിതമായ സൗകര്യങ്ങൾക്കിടയിലും വിശുദ്ധ കുർബാനയും പ്രാർഥനയും കൂട്ടായ്മകളും മുടങ്ങാതെ നടന്നു.
ഫാ. മനോജ് കരിമ്പൂഴിക്കലിന്റെ നേതൃത്വത്തിൽ ബാരനിൽ വിശ്വാസികളുടെ സമൂഹം വളർന്നുവന്നു. മൂന്നു വർഷത്തോളം വാടകവീട്ടിൽ നടന്ന പ്രവർത്തനങ്ങളിലൂടെ ചെറിയ കൂട്ടായ്മ ഇടവക സമൂഹമായി മാറി. ഇപ്പോൾ 30-35 കുടുംബങ്ങളും 80-ലധികം വിശ്വാസികളും ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയ്ക്ക് ഒന്നിച്ചുകൂടുന്ന ശക്തമായ വിശ്വാസിസമൂഹമാണ് ബാരനിലുള്ളത്. ഫാ. മനോജ് കരിമ്പൂഴിക്കലാണ് പള്ളി നിർമാണത്തിന് നേതൃത്വം നൽകിയത്. ഇടവകാംഗങ്ങളുടെ പ്രാർഥനയും സഹകരണവും നിർമാണത്തിന് വേഗം പകർന്നു. പഞ്ചാബ് മിഷന്റെ വളർച്ച ബാരനിൽ ഒതുങ്ങിയില്ല. ജോഡിയാ എന്ന സ്ഥലത്തും ഒരു വിശ്വാസി കൂട്ടായ്മയുണ്ട്. അവിടെയും ഇപ്പോൾ പള്ളിയുടെയും വൈദികമന്ദിരത്തിന്റെയും നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബാരനിൽ മദർ മേരി കാത്തലിക് ചർച്ച് പൂർത്തിയായതും ജോഡിയായിൽ പള്ളിയുടെയും വൈദികമന്ദിരത്തിന്റെയും നിർമാണം പുരോഗമിക്കുന്നതും പഞ്ചാബിൽ തലശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ ആഴത്തിൽ വേരൂന്നുന്നതിന്റെ പ്രതീക്ഷ നൽകുന്ന കാഴ്ചയാണ്.
Tags : NattuVishesham DistrictNews