നെടുമങ്ങാട് : അഴിക്കോട് "ടേക് എ ബ്രേക്ക്' ശൗചാലയ മന്ദിരവും കളത്തറ വാർഡിലെ സബ് സെന്ററും ഉദ്ഘാടന ശേഷവും അടഞ്ഞുകിടക്കുന്നു. ലക്ഷങ്ങൾ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളാണു പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാത്തത്.
മൂന്നുമാസം മുമ്പ് ആഘോഷമായി ഉദ്ഘാടനം നിർവഹിച്ച കെട്ടിടങ്ങളാണിവ. തെങ്കാശി അന്തർസംസ്ഥാന പാത കടന്നുപോകുന്ന അഴിക്കോട് ജംഗ്ഷനിൽ സംസ്ഥാന സർക്കാരിന്റെ "ടേക്ക് എ ബ്രേക്ക്" പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് വഴിയോര വിശ്രമകേന്ദ്രം. 2018 - 19 വാർഷിക പദ്ധതിയുടെ ഭാഗമായി അനുവദിച്ചതാണിവ.
ഫൗണ്ടേഷൻ പണിയാൻ മാത്രം മൂന്നു വർഷമെടുത്തു. ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിൽ ശുചിത്വ മിഷനും പഞ്ചായത്തും തമ്മിലുണ്ടായ ഉടക്കു വർഷങ്ങളോളം നീണ്ടുനിന്നു. ഇതിനിടെ, കരാറുകാരൻ കൈയൊഴിഞ്ഞു. പ്രതിഷേധം ശക്തിപ്പെട്ടതോടെ ഫണ്ട് അനുവദിച്ച് ഉടനടി പണിയും പൂർത്തിയാക്കി.
ടൈലും തറയോടും പാകിയ കെട്ടിടം ഇപ്പോൾ പായലും കളകളും മൂടി അന്യാധീനപ്പെടുന്ന അവസ്ഥയാണ്. അരുവിക്കര-നെടുമങ്ങാട്-പേരൂർക്കട ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരുടെ ഇടത്താവളമാണ് അഴിക്കോട് ജംഗ്ഷൻ. ശൗചാലയം തുറന്നു കൊടുത്താൽ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ഉപകാരമാകും.
കളത്തറ വാർഡിലെ ആരോഗ്യ സബ് സെന്റർ കെട്ടിടം കേന്ദ്ര ഫണ്ടിൽനിന്ന് ലഭിച്ച 55 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചതാണ്. സാങ്കേതിക ബുദ്ധിമുട്ടുകൾ മാത്രം ചൂണ്ടിക്കാട്ടിയാണ് ജനോപകാരപ്രദമായ ഈ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Tags : nattu vishesham Azhikode Take a Break