സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനു നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ.
ആരോഗ്യവകുപ്പിന്റെ "കായകല്പം’ പദ്ധതിയുടെ ഭാഗമായി ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച മണ്ഡലംതല അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് പ്രത്യേകപാക്കേജ് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ സമയബന്ധിത ഇടപെടല്‍ ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു. ആദിവാസി മേഖലകളില്‍ സേവനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും യോഗം വിലയിരുത്തി.
ഗ്രാമപ്രദേശങ്ങളിലേക്കുള്ള വാഹനസൗകര്യം, പാലിയേറ്റീവ് കെയര്‍ സേവനങ്ങളും ആശുപത്രികളിലെ ലാബ് സേവനങ്ങളും മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍, നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം. മൊയ്തീന് ഷാ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്. ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ആന്‍സി മേരി ജേക്കബ്, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews