ആറന്മുള സത്രക്കടവ് മുതല്‍ പാര്‍ഥസാരഥി ക്ഷേത്രക്കടവ് വരെയുള്ള പ്രദേശത്തെ മണല്‍പ്പുറ്റുകളും കാടുകളും ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു.
ആറന്മുള: പാര്‍ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ വള്ളസദ്യയും അതിനോടനുബന്ധിച്ച ആചാരാനുഷ്ഠാന ചടങ്ങുകളും നാളെ ആരംഭിക്കുമെന്നിരിക്കേ പമ്പാ നദിയിലെ മണ്‍പുറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്യാത്തത് പള്ളിയോടങ്ങളുടെ സുഗമ യാത്രയ്ക്ക് തടസമാകുന്നു. ചുരുക്കം ചില പള്ളിയോടങ്ങള്‍ക്ക് ഒഴികെ മൺപുറ്റുകളും പന്പയിലെ മറ്റു തടസങ്ങളും പ്രശ്നമായി മാറും.
പള്ളിയോട സേവാസംഘവും വിവിധ കരകളും പള്ളിയോടങ്ങളുടെ യാത്ര സുഗമമാക്കണമെന്ന ആവശ്യവുമായി നേരത്തേതന്നെ നിവേദനങ്ങൾ നൽകിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇത്തവണ ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന പോലീസിന്റെ വിവിധ വിഭാഗങ്ങളും കഴിഞ്ഞ ദിവസം മുതല്‍ ആറന്മുളയിൽ ക്യാന്പ് ചെയ്തു തുടങ്ങിയിട്ടുണ്ട്.
പള്ളിയോടങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട് പന്പാനദിയിൽ ശാസ്ത്രീയമായ പഠനം നടന്നിട്ടില്ലെന്നതാണ് പ്രധാന പ്രശ്നം. സത്രക്കടവ് മുതൽ ക്ഷേത്രക്കടവ് വരെയുള്ള ഭാഗങ്ങളിലാണ് മൺപുറ്റ് പ്രധാനമായും തടസമായി നിൽക്കുന്നത്. ഇതു നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടേയുള്ളൂ. വള്ളസദ്യക്കു മുന്‍പായി പൂർത്തിയാകില്ല.
പടിഞ്ഞാറന്‍ പള്ളിയോടങ്ങളുടെ യാത്രയ്ക്ക് ആഞ്ഞിലിമൂട്ടില്‍ പാലത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ നേരത്തേ മുതൽ നിലനിൽക്കുന്ന തടസങ്ങൾ നീക്കിയിട്ടില്ല. കിഴക്കന്‍ പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്കു കോഴഞ്ചേരിയിലെ പുതിയ പാലത്തിനുവേണ്ടി ഇറക്കിയിട്ടിരിക്കുന്ന നിർമാണ സാമഗ്രികൾ തടസമായികിടക്കുകയാണ്.
ഇരുമ്പ് ഗര്‍ഡറുകള്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടില്ലെന്ന പരാതിയും പള്ളിയോട കരക്കാര്ക്കുണ്ട്. ചെളിയും മറ്റും അടിഞ്ഞുകൂടിയതിനാല്‍ തൂണുകളുടെ ഭാഗത്തുകൂടി വെള്ളം ശക്തമായി ഒഴുകുന്നതും പള്ളിയോടങ്ങള്‍ക്ക് ഭീഷണിയാണ്. ശക്തമായ ഒഴുക്ക് പള്ളിയോടങ്ങളുടെ നിയന്ത്രണംതന്നെ തെറ്റിക്കുമെന്ന ആശങ്കയും നിലവിലുണ്ട്. പള്ളിയോടങ്ങള്‍ തുഴഞ്ഞുവരുന്നതിന് ഒരു തടസവും ഉണ്ടാകാത്ത അവസ്ഥയാണ് അധികൃതര്‍ തയാറാക്കേണ്ടതെങ്കിലും പല സ്ഥലങ്ങളിലും വെളളപ്പൊക്കത്തില്‍ ഒഴുകിവന്ന തടികളും മറ്റും പളളിയോടങ്ങള്‍ക്ക് തടസമാകുമോയെന്ന ആശങ്കയും പള്ളിയോട കരക്കാര്ക്കുണ്ട്.
വള്ളസദ്യക്കെത്തുന്ന പള്ളിയോടങ്ങള്‍ക്ക് സുഗമമായി ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലെത്തി ആചാരങ്ങൾ പൂർത്തീകരിച്ച് ക്ഷേത്ര മതിലകത്ത് പ്രദക്ഷിണം നടത്തി വള്ളസദ്യയില്‍ പങ്കെടുക്കുന്നതിന് ജലമാര്‍ഗം എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജലസേചന വകുപ്പ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് പള്ളിയോട സേവാസംഘം പബ്ലിസിറ്റി കണ്‍വീനര്‍ പി. വിജയകുമാര്‍ ചുങ്കത്തില്‍ പറഞ്ഞു.
ഉത്രട്ടാതി ജലമേളയ്ക്കു മുന്‍പായി നദിയിലെ മുഴുവന്‍ മണ്‍പുറ്റുകളും നീക്കം ചെയ്യുമെന്നും ജലസേചന വകുപ്പ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.