സുൽത്താൻ ബത്തേരി: വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് നിക്ഷേപകൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചു.
സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ 14 ലക്ഷം രൂപ നിക്ഷേപിച്ച ബ്രാഞ്ച് കമ്മിറ്റി അംഗം നൗഷാദാണ് ഒരു കൈയിൽ പെട്രോൾ കന്നാസും മറുകൈയിൽ സിപിഎമ്മിന്റെ പാർട്ടിക്കൊടിയുമായി സൊസൈറ്റിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. സിപിഎം നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് യോഗം നടന്നുകൊണ്ടിരിക്കെ അവിടേക്കെത്തിയ നൗഷാദ് പണം തിരികെ ലഭിച്ചില്ലെങ്കിൽ താൻ ജീവനൊടുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സൊസൈറ്റിയിലെ മുൻ ജീവനക്കാരൻ കൂടിയായ നൗഷാദിൽനിന്നും ജോലി വാഗ്ദാനം നൽകിയാണ് പാർട്ടി നേതാക്കൾ പണം വാങ്ങിയതെന്ന് ആരോപിച്ചു. പാർട്ടിയുടെ പേര് പറഞ്ഞ് തന്നെപറ്റിക്കുകയായിരുന്നുവെന്നും ഇനി ഇത് സഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റി ചെയർമാൻ പി.കെ. സുരേഷ്, മുൻ എംഎൽഎ പി.കെ. കൃഷ്ണപ്രസാദ് എന്നിവർക്കെതിരേ രൂക്ഷ വിമർശനങ്ങളാണ് നൗഷാദ് ഉന്നയിച്ചത്.
തനിക്ക് പണം നൽകണം അല്ലെങ്കിൽ താൻ ഇവിടെ കിടന്നു മരിക്കുമെന്നും തന്റെ അവസ്ഥയ്ക്ക് സിപിഎമ്മിന്റെ സകല നേതാക്കളും ഉത്തരവാദികളാണെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നൗഷാദിന്റെ കയ്യിലുണ്ടായിരുന്ന പെട്രോൾ കന്നാസ് ബലമായി പിടിച്ചുവാങ്ങിയെങ്കിലും പണം കിട്ടാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ക്രമക്കേടുകൾ മൂലം പ്രതിസന്ധിയിലായ ബ്രഹ്മഗിരി സൊസൈറ്റിയിൽ നിന്ന് ഏകദേശം 130 കോടിയോളം രൂപയാണ് നിക്ഷേപകർക്ക് ലഭിക്കാനുള്ളത്.
Tags : nattu vishesham Brahmagiri: committee member suicide threat