പ്രതീകാത്മക ചിത്രം
ചമ്പക്കുളം: കേരളത്തിൽ പ്രധാനമായും ഭക്ഷണത്തിന് ഉപയോഗിക്കുന്ന മാട്ടിറച്ചി കിട്ടാനില്ല. വില കുതിച്ചുയരുന്നു. ഒരു വർഷത്തിനിടെ പോത്തിറച്ചിയുടെ വിലയിൽ നൂറ് രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമപ്രദേശങ്ങളിൽ വില 480 രൂപയാണെങ്കിൽ നഗരപ്രദേശങ്ങളിൽ ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപ നല്കണം.
കന്നുകാലികളെ കിട്ടാനില്ലാത്തതിനാൽ ആഴ്ചയിൽ ഏഴു ദിവസവും കട നടത്തിയിരുന്ന വർ ഇപ്പോൾ കച്ചവടം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമാക്കി കുറച്ചിരിക്കുന്നു. ഞായറാഴ്ചകളിൽ മാത്രം കച്ചവടം നടത്തിയിരുന്നവർ പലരും കച്ചവടം നിർത്തിയ അവസ്ഥയിലാണ്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിൽ കന്നുകാലികളെ കൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ വിലക്കും കർശനമായ നിബന്ധനകളുമാണ് കേരളത്തിലെ കച്ചവടക്കാർക്ക് വിനയായത്. കൂടിയ വില കൊടുക്കാൻ തയാറായാൽതന്നെ കന്നുകാലികളെ കിട്ടാനില്ലാത്ത സ്ഥിതിവിശേഷമാണ്.
കാറ്ററിംഗ് പാർട്ടികളും, ഹോട്ടലുകളും ബീഫ് വിഭവങ്ങൾ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാൻ നിർബന്ധിതരാകുന്നു. ഹോട്ടലുകളിൽ ഇപ്പോൾതന്നെ നിരക്ക് കൂടുതലാണെന്ന പരാതി നിലനില്ക്കുമ്പോൾ വീണ്ടും ബീഫ് ഇനങ്ങൾക്ക് വില വർധിപ്പിക്കുകയെന്നത് ആലോചിക്കാൻപോലുമാവാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
വിദേശകയറ്റുമതിയിലുടെ വലിയ ലാഭം നേടാനുള്ള മാംസ കയറ്റുമതി ലോബിയുടെ ശ്രമങ്ങളുടെ ഭാഗമായുള്ള നടപടികളാണ് പ്രധാനമായും കന്നുകാലികളുടെ ദൗർലഭ്യത്തിന് കാരണമെന്നാണ് പ്രധാന ആക്ഷേപം. കേരളത്തിൽ ആവശ്യമായ കന്നുകാലികളെ വളർത്താൻ കഴിയാതെപോകുന്നതും അന്യസംസ്ഥാനങ്ങളിൽ നിന്ന് കന്നുകാലികൾ എത്താത്തതും ഇവിടത്തെ ഇറച്ചി വ്യാപാരത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു. സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ പതിനായിരങ്ങളുടെ ജീവിതമാർഗമാകും നഷ്ടമാകുക.