പ്രതീകാത്മക ചിത്രം
കലിഫോർണിയ: പ്ലേ സ്റ്റോർ ഉപയോഗിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പ്ലേ ഏജ് സിഗ്നൽസ് എപിഐ (Play Age Signals API) എന്ന പുതിയ പ്രൈവസി അധിഷ്ഠിത ഏജ് വെരിഫിക്കേഷൻ സംവിധാനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ചോരാതെതന്നെ പ്രായത്തിനനുയോജ്യമായ കണ്ടന്റുകളും ആപ്പ് ഫീച്ചറുകളും ലഭ്യമാക്കാൻ ഇത് ആപ്പ് ഡെവലപ്പർമാരെ സഹായിക്കും.
ഗൂഗിളിന്റെ നിലവിലുള്ള ‘ഫാമിലി ലിങ്ക്’ ആപ്പുമായി ബന്ധിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ പ്രായപരിധി സെറ്റ് ചെയ്താൽ ഇതനുസരിച്ച് ആ പ്രായക്കാർക്ക് അനുയോജ്യമായ ആപ്പുകളും ഉള്ളടക്കങ്ങളും മാത്രം നൽകാൻ ആപ്പ് ഡെവലപ്പർമാർക്കു കഴിയും. പൂർണമായും ഓപ്ഷണൽ ആയ ഈ സിസ്റ്റം രക്ഷാകർത്താക്കൾക്ക് ഏതു സമയത്തും മാറ്റാനോ ഓഫ് ചെയ്യാനോ സാധിക്കും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ആപ്പ് സ്റ്റോറുകൾ കേന്ദ്രീകരിച്ച് ഏജ് വെരിഫിക്കേഷൻ നിയമങ്ങൾ കർശനമാക്കിയ പശ്ചാത്തലത്തിലാണ് ഗൂഗിൾ ഈ മാറ്റം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ബീറ്റ പതിപ്പായി അവതരിപ്പിച്ച ഈ സിസ്റ്റം നിലവിൽ ബ്രസീലിൽ ലഭ്യമാണ്. ഓഗസ്റ്റ് പകുതിയോടെ ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കും തുടർന്ന് വർഷാവസാനത്തോടെ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്.
എന്നാൽ, ഇത് എത്രത്തോളം ഫലപ്രദമാകുമെന്നതിലും സ്വകാര്യതയെ ബാധിക്കുമോ എന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികൾ തെറ്റായ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വലിയൊരു ചുവടുവയ്പ്പായാണ് ഗൂഗിൾ ഇതിനെ കാണുന്നത്.