നിയന്ത്രണം വിട്ടു കുഴിയിലേക്കു ചരിഞ്ഞ കെഎസ്ആർടിസി ബസ്
മങ്കൊമ്പ്: നിറയെ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിലെ കുഴിയിലേക്കു ചരിഞ്ഞത് പരിഭ്രാന്തി പരത്തി. യാത്രക്കാരെല്ലാം പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്നലെ രാവിലെ 7.50-നായിരുന്നു സംഭവം. കാവാലം-ചങ്ങനാശേരി ബസ് കുമരംകരി പറമ്പടി പൊന്നാംപാക്ക പാടശേഖരത്തിനു നടുവിലുള്ള റോഡിൽ വച്ച് വെള്ളക്കെട്ടിലേക്ക് ചരിയുകയായിരുന്നു. ജീവനക്കാരുടെയും യാത്രക്കാരുടെയും അവസരോചിത ഇടപെടലിലൂടെയാണ് അപകടം ഒഴിവായത്.
നിർമാണത്തിലിരിക്കുന്ന റോഡിന്റെ വശത്തെ കുഴിയിൽ വീണ് പിൻചക്രം പൊട്ടിയതാണ് അപകടകാരണം. കുമരംകരിയിലെത്തുമ്പോൾ വിദ്യാർഥികളടക്കം നൂറ്റിയിരുപതോളം യാത്രക്കാരും ബസിലുണ്ടായിരുന്നു. അപകടത്തെത്തുടർന്ന് അലമുറയിട്ട സ്ത്രീകളടക്കമുള്ള യാത്രക്കാരേ സുരക്ഷിതരായി പുറത്തിറക്കിയശേഷം ഏറെ പണിപ്പെട്ടാണ് ജീവനക്കാർ കുമരംകരി ക്ഷേത്രത്തിനു സമീപമുള്ള സ്റ്റോപ്പിലേക്ക് ബസെത്തിച്ചത്.
പ്രളയത്തിനു മുൻപു വാലടി-മുളയ്ക്കാംതുരുത്തി റോഡിലൂടെ സർവീസ് നടത്തിയിരുന്ന ബസുകളാണിപ്പോൾ കുമരംകരി-പറാൽ റൂട്ടിലൂടെ വഴിതിരിച്ചു വിട്ടിരിക്കുന്നത്.
Tags : Nattuvishesham DistrictNews DeepikaNews Bus