നിരവ് വാക്കോടനിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുന്നു.
പാലക്കയം: നിരവ് വാക്കോടനിൽ പുലി ആടിനെ കൊന്നു. ആക്കാമറ്റം ജോയലിന്റെ ആടിനെയാണ് കൊന്നത്. ആടിന്റെ കരച്ചിൽകേട്ട് വീട്ടുകാർ ഓടി വന്നപ്പോഴേക്കും പുലി തൊട്ടടുത്ത പാറപ്പുറത്തേക്ക് ഓടിപ്പോയി.
ഇതിനുമുൻപും ജോയലിന്റെ ആടുകളെ പുലി പിടിച്ചിരുന്നു. അന്ന് ഈ പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടിക്കുകയും അതിനെ ശിരുവാണിയിൽ തുറന്നുവിടുകയും ചെയ്തിരുന്നു. അതേ പുലി തന്നെയാണ് വീണ്ടും എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇതിനിടെ നിരവിന്റെ താഴെ രണ്ടു പുലിക്കുട്ടികളെ റോഡിൽ കണ്ടതായി പറയുന്നു. ഇടക്കുർശിയിൽനിന്ന് ബൈക്കിൽ പാലക്കയത്തേക്കുപോയ ആളുകളാണ് പുലിക്കുട്ടികൾ റോഡിൽ നിൽക്കുന്നത് കണ്ടത്.
ബഹളം വച്ചപ്പോൾ റബർതോട്ടത്തിലേക്ക് പുലിക്കുട്ടികൾ ഓടിമറഞ്ഞു. ഇന്നലെ രാവിലെ നിരവ് വാക്കോടനിൽ വനപാലകർ പുലിക്കൂട് സ്ഥാപിച്ചു.
ടാപ്പിംഗ് ജോലിക്കടക്കം പോകുന്നവരോടു ശ്രദ്ധിക്കണമെന്നും പുലരുംമുന്പും രാത്രി വൈകിയും ആളുകൾ പുറത്തിറങ്ങരുതെന്നും നിർദേശം നൽകി.
വാക്കോടൻ മലയിൽ പുലി, കടുവ, കരടി,ആന തുടങ്ങിയവയുടെ സാന്നിധ്യമുണ്ട്. ഇതിനുമുമ്പും മാച്ചാംതോട് ചെന്തണ്ടിൽ പുലി ആടുകളേയും പശുക്കുട്ടിയേയും വളർത്തുനായകളേയും കൊന്നുതിന്നിട്ടുണ്ട്. പിടിച്ചു കൊന്നു തിന്നിട്ടുണ്ട്.
Tags : NattuVishesham DistrictNews