കേളകം: കടബാധ്യതകൊണ്ട് പൊറുതിമുട്ടി സ്വന്തം വീടും സ്വത്തുക്കളും വിൽക്കാൻ കൂപ്പണുകൾ അടിച്ചിറക്കി നറുക്കെടുപ്പ് നടത്താൻ നിശ്ചയിച്ചിരുന്നയാൾക്കെതിരേ പോലീസ് കേസ്.
ലോട്ടറിക്കു സമാനമായ നറുക്കെടുപ്പ് നടത്തുന്നതായി കാണിച്ച് ലോട്ടറി വകുപ്പ് പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. കേളകം അടയ്ക്കത്തോട്ടിലെ കാട്ടുപാലത്ത് ബെന്നിക്കെതിരെയാണ് കേളകം പോലീസ് കേസെടുത്തത്.
കൂപ്പൺ നറുക്കെടുപ്പിനായി ഒരുക്കിയ യന്ത്രസംവിധാനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സാന്നിധ്യത്തിൽ നറുക്കെടുപ്പ് നടത്താനിരിക്കെയാണ് പോലീസ് നടപടി. ലോട്ടറി നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനുള്ള വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഒരു വർഷമായി കൂപ്പണുകൾ അച്ചടിച്ച് വിൽക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും തടസം പറഞ്ഞിരുന്നില്ല.
ഇതോടെ കൂപ്പൺ വില്പന തുടരുകയായിരുന്നു. 1500 രൂപയാണ് ഒരു കൂപ്പണിന്റെ വില. മേയിൽ നറുക്കെടുപ്പ് നടത്താനായിരുന്നു ആദ്യ ശ്രമം. എന്നാൽ കൂപ്പണുകൾ ആവശ്യത്തിനു വിറ്റു പോകാത്തതിനാൽ പലതവണ നറുക്കെടുപ്പ് മാറ്റി. ഒടുവിൽ പല സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് കൂപ്പൺ വില്പന പൂർത്തിയാക്കിയത്.
വിദേശത്ത് വ്യാപാര സ്ഥാപനം നടത്തിയിരുന്ന ബെന്നി കോവിഡ് കാലത്ത് നഷ്ടം സംഭവിച്ചതിനെ തുടർന്നാണ് കട ബാധ്യതകളിൽ പെട്ടത്.
ഇതിനിടെ ഭാര്യക്ക് കാൻസർ ബാധിക്കുകയും ചികിത്സയ്ക്കായി വൻ തുക ചെലവിടേണ്ടിയും വന്നു. ഭാര്യ ഇപ്പോഴും ചികിത്സയിലാണ്. കടം വർധിച്ചതോടെ വീടും സ്ഥലവും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീടും സ്വത്തും ജപ്തി ലേല നടപ ടികളിലേക്കു വരെ എത്തുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ന്യായവില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബെന്നി കൂപ്പൺ നറുക്കെടുപ്പ് എന്ന ആശയം നടപ്പാക്കിയത്. ബെന്നിയുടെ ആശയം പിന്തുടർന്ന് മറ്റു ചിലരും സമാന പദ്ധതികളുമായി രംഗത്തെത്തിയിരുന്നു. ഇവരും നിയമനടപടികൾക്ക് വിധേയരായേക്കുമെന്നാണ് വിവരം.