കണ്ണൂർ: " സമുദായ ശക്തീകരണം രാഷ്ട്ര പുരോഗതിക്ക് ' എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റ 108 -ാം ജന്മവാർഷിക സമ്മേളനവും മഹാറാലിയും നാളെയും മറ്റെന്നാളുമായി കണ്ണൂരിൽ നടക്കുമെന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശേരി അതിരൂപതയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
1918 ൽ രൂപീകൃതമായതുമുതൽ രാജ്യത്തിന്റെ വളർച്ചയ്ക്കും കേരളത്തിന്റെ നവോത്ഥാനത്തിനും ക്രൈസ്തവസമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കാർഷിക മേഖലയോടുള്ള വിവേചനവും വന്യജീവി ആക്രമണങ്ങളും കുടിയിറക്ക് ഭീഷണിയും അർഹതപ്പെട്ട അവകാശനിഷേധങ്ങളും യുവജന പലായനവും സർക്കാരുകളുടെ വികസന വിരുദ്ധ നിലപാടുകളും ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ സമുദായത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും. റാലി സമ്മേളനനഗരയിൽ എത്തുന്പോൾ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ അധ്യക്ഷത വഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും.
കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്കും. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ.ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ.ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും. സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കുന്ന ഗ്ലോബൽ ബിസിനസ് നെറ്റ്വർക്ക് പോർട്ടലിന്റെ ഉദ്ഘാടനവും നടക്കും.
തലശേരി അതിരൂപത വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപടവിൽ, കോട്ടയം അതിരൂപത മലബാർ റീജിയൻ ഡയറക്ടർ ഫാ. ജോയ് കട്ടിയാങ്കൽ, കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, തലശേരി അതിരൂപത ചാൻസലർ ഫാ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ഫിനാൻസ് ഓഫീസർ ഫാ.ഡോ. ജോസഫ് കാക്കരമറ്റത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും.
ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ രാഷ്ട്രീയ പ്രമേയവും തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് സ്വാഗതവും ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ നന്ദിയും പറയും.
14 ന് രാവിലെ 9.30 ന് കണ്ണൂർ ശ്രീപുരം ക്നാനായ പാസ്റ്ററൽ സെന്ററിൽ കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ റിസോഴ്സ് ടീം മെംബർ ജോണി തോമസ്, ആന്റോ തെരുവംകുന്നേൽ, തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
പതാക, ദീപശിഖ പ്രയാണങ്ങൾ നാളെ
നാളെ വൈകുന്നേരം അഞ്ചിന് കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിന്റെ നേതൃത്വത്തിൽ താമരശേരി രൂപതയിലൂടെ കടന്നുവരുന്ന കത്തോലിക്കാ കോൺഗ്രസ് പതാക പ്രയാണവും കണ്ണൂർ പെരിങ്കരിയിൽ ആനയുടെ കുത്തേറ്റു മരിച്ച ജസ്റ്റിന്റെ കബറിടത്തിൽ നിന്നു നാളെ രാവിലെ 9. 30 ന് തലശേരി അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ നയിക്കുന്ന ദീപശിഖ പ്രയാണവും കണ്ണൂർ മഹാത്മ മന്ദിരത്തിന് സമീപത്ത് സംഗമിച്ച് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ എത്തിച്ചേരും.
തുടർന്ന് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിൽ പതാക ഉയർത്തും. വൈകുന്നേരം ആറിന് കണ്ണൂർ തെക്കിബസാറിലുള്ള തിരുക്കുടുംബ ദേവാലയത്തിൽ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി നടക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
റാലിയുടെ ക്രമീകരണം
14 ന് ഉച്ചകഴിഞ്ഞ് മൂന്നിന് റാലി ആരംഭിക്കുന്നത് കണ്ണൂർ ടൗൺ ട്രാഫിക് പോലീസ് സ്റ്റേഷന് സമീപത്തുള്ള സമ്മേളനനഗരിയുടെ ഗേറ്റിനുസമീപത്തുനിന്നാണ് നിന്നാണ്. ഗേറ്റിന് പുറത്തുകടന്ന് ഇടതു വശത്തുകൂടി മുൻപോട്ടു നീങ്ങി പോസ്റ്റ് ഓഫീസിനു മുന്നിലൂടെ സ്റ്റേഡിയം, പരേഡ് ഗ്രൗണ്ട്,കളക്ടറേറ്റ്, പോലീസ് ആസ്ഥാനമുൾപ്പെടെയുള്ള സ്ഥാപനങ്ങളും ചുറ്റി പോലീസ് മൈതാനത്തിന്റെ കിഴക്ക് ഭാഗത്തു ഒരുക്കിയിരിക്കുന്ന മാർ വള്ളോപ്പിള്ളി നഗറിൽ റാലി അവസാനിക്കും. 4.15 നാണ് സമ്മേളനം.
ഗതാഗത ക്രമീകരണം
കാസർഗോഡ്, തളിപ്പറമ്പ്, പുതിയതെരു, കണ്ണൂർ, വളപട്ടണം ഭാഗത്തു നിന്ന് വരുന്ന ബസുകൾ ഉച്ചകഴിഞ്ഞ് രണ്ടുവരെ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിസരത്ത് (സമ്മേളനനഗരിക്കടുത്തുള്ള ഗേറ്റിന് മുൻപിൽ) ആളെ ഇറക്കി പയ്യാമ്പലം ഭാഗത്തു പാർക്ക് ചെയ്യണം.
രണ്ടിന് ശേഷം കണ്ണൂർ, പുതിയതെരു, വളപട്ടണം ഭാഗത്തുനിന്ന് വരുന്നവർ എകെജി ആശുപത്രിയുടെ അടുത്ത് ആളുകളെ ഇറക്കി ചെറിയ വാഹനങ്ങൾ ശ്രീപുരം സ്കൂൾ മുറ്റത്തും ബസുകൾ കൃഷ്ണമേനോൻ വനിതാ കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ഇരിട്ടി, തലശേരി, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് വരുന്നവർ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപം ആളെ ഇറക്കി പയ്യാമ്പലം ഭാഗത്തോ, ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന പയ്യാന്പലം ബീച്ച് റോഡിലും ഗവ. ആശുപത്രിയുടെ പരിസരത്തുള്ള വീതി കൂടിയ റോഡുകളിലും പാർക്ക് ചെയ്യണം. (എസ്എൻ പാർക്കിനും ജെഎസ് പോളിനും ഇടയിൽ പേ ആൻഡ് പാർക്കിംഗ് സൗകര്യമുണ്ട്).
കക്കാട് റോഡിൽ അരയാൽ തറവരെയും പ്രഭാത ടാക്കീസ്, സെന്റ് മൈക്കിൾസ് സ്കൂൾ, തളാപ്പ് റോഡ് എന്നിവടങ്ങളിലും പാർക്ക് ചെയ്യാം.