അൽക്ക സജി
കാസര്‍ഗോഡ്: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ലയിലെ ടോപ്പറായി കാസര്‍ഗോഡ് വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ അല്‍ക്ക സജി. 500ല്‍ 499 മാര്‍ക്കാണ് അല്‍ക്ക കരസ്ഥമാക്കിയത്. ഇംഗ്ലീഷിന് മാത്രമാണ് ഒരു മാര്‍ക്ക് നഷ്ടമായത്. ക്ലാസുള്ള ദിവസങ്ങളില്‍ അഞ്ചുമണിക്കൂറും അവധിദിവസങ്ങളില്‍ 16 മണിക്കൂറോളവും പഠനത്തിനായി ചെലവഴിക്കുന്ന അല്‍ക്കയുടെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഈ വിജയം.
ഒരു വിഷയത്തില്‍ പോലും ട്യൂഷന് ഉണ്ടായിരുന്നില്ല. ഐഐടിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠനം സ്വപ്നം കാണുന്ന അല്‍ക്ക കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്ലസ്ടു പഠനവും ജെഇഇ കോച്ചിംഗും നടത്തും. കാനറ ബാങ്ക് ഉദുമ ബ്രാഞ്ച് ക്ലര്‍ക്കായ സജി ബാവിലേരിയുടെയും ചേരൂര്‍ ഐഐഎഎല്പി സ്കൂള്‍ അധ്യാപികയുമായ കെ.ജി. ജ്യോതിയുടെയും മകളാണ്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ സജി വിമുക്തഭടനാണ്.
മക്കളുടെ വിദ്യാഭ്യാസത്തിനായി 13 വര്‍ഷം മുമ്പ് കാസര്‍ഗോഡേക്ക് താമസം മാറുകയായിരുന്നു. നിലവില്‍ ചെങ്കള എതിര്‍ത്തോട് വീടുവച്ച് താമസിക്കുന്നു. അല്‍ക്കയുടെ ജ്യേഷ്ഠന് അമല്‍ജിത്ത് പിതാവിന്റെ പാതയില്‍ സൈനികസേവനമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അമല്‍ജിത്തിന്റെ ഏഴിമല നാവിക അക്കാദമിയിലെ ബിടെക് ഇലക്ട്രോണിക്സ് പഠനം ഈവര്‍ഷം പൂര്‍ത്തിയാകും.
Tags : CBSE Class nattuvishesham local news