പുൽപ്പള്ളി: നാടിനെ തീറ്റിപ്പോറ്റുന്ന കർഷകരുടെ കണ്ണീർ കാണാൻ കൂട്ടാക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ റോമാ നഗരം കത്തിയപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെ പോലെയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ് ആരോപിച്ചു. കടക്കെണിയിലായ കർഷകരുടെ കൃഷിയിടങ്ങളിൽ ഭൂമി വിൽപനയ്ക്കെന്ന് ബാനർ സ്ഥാപിച്ചതിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി കേരള ബാങ്ക് ശാഖയ്ക്കു മുന്പിൽ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കാനും അവരെ സഹായിക്കാനും ബാധ്യതയുണ്ടെന്ന ചിന്ത കേന്ദ്ര-സംസ്ഥാന ഭരണചക്രം തിരിക്കുന്നവർക്കില്ല. ബാങ്കുകളിൽനിന്നു വായ്പയെടുത്ത് കൃഷിയിറക്കുന്ന കർഷകനെ വരൾച്ചയും അതിവർഷവും രോഗകീടബാധകളും ഒരുഭാഗത്ത് തളർത്തുന്നു. മറുഭാഗത്ത് നിത്യേനയെന്നോണം വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു. മിച്ചം കിട്ടുന്ന വിളകൾക്ക് ന്യായമായ വിലയും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ കുടുംബത്തിന്റെ നിത്യച്ചെലവുകൾ, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ ആവശ്യങ്ങൾ തുടങ്ങിയ ജീവൽപ്രശ്നങ്ങൾ നേരിടേണ്ടിവരുന്ന കർഷകർക്ക് പലപ്പോഴും വായ്പയുടെ പലിശ പോലും സമയത്ത് അടക്കാൻ കഴിയുന്നില്ല. പലിശ രഹിത കാർഷിക വായ്പാപദ്ധതി സംസ്ഥാനത്തുണ്ടായിട്ടും കഴിഞ്ഞ പത്തുവർഷത്തിനിടെ കർഷകർക്ക് ഗുണം ലഭിച്ചില്ല.
കടാശ്വാസ കമ്മീഷൻ അനുവദിച്ച ഇളവ് തുക ബാങ്കുകൾക്ക് നൽകാതെ സർക്കാർ കർഷകരെ അവഗണിക്കുകയാണ്.വീണ്ടും കർഷക ആത്മഹത്യകൾ ഉണ്ടാകാതിരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണം. കർഷകർക്കെതിരായ ജപ്തി, കരസ്ഥപ്പെടുത്തൽ നടപടികൾ നിർത്തിവയ്പ്പിക്കണം. കൃഷിക്കാർക്ക് കടാശ്വാസം ലഭ്യമാക്കണമെന്നും പൗലോസ് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, ബീന ജോസ്, കെ.പി. മധു, ടി.എസ്. ദിലീപ്കുമാർ, ലിസി സാബു, ഗിരിജ കൃഷ്ണൽ, ജിനി തോമസ്, ശിവരാമൻ പാറക്കുഴി, പി.ഡി. ജോണി, കെ.ജി, ബാബു, എൽദോസ്, സണ്ണി സെബാസ്റ്റ്യൻ, വി.ഡി. ജോസ്, മാണി കണ്ടത്തിൻകര എന്നിവർ പ്രസംഗിച്ചു.