ചങ്ങനാശേരി: കോട്ടയം മുതല്‍ തിരുവനന്തപുരം വരെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചങ്ങനാശേരി അതിരൂപതയുടെ 140-ാമത് അതിരൂപതാ ദിനാചരണം ഇന്ന് (മേയ് 20ന്) രാവിലെ ഒമ്പതിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോനാ പള്ളി അങ്കണത്തിലെ ഫാ. ഡൊമിനിക് തോട്ടാശേരി നഗറില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും.
പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് അതിരൂപതാദിനം ഉദ്ഘാടനം ചെയ്യും. മെത്രാഭിഷേക രജത ജൂ ബിലിയിലേക്ക് പ്രവേശിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് സമ്മേളനത്തില്‍ ആശംസകള്‍ നേരും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും സംസ്ഥാന നേവല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് കമഡോര്‍ വര്‍ഗീസ് മാത്യു മുഖ്യപ്രഭാഷണവും നടത്തും. അതിരൂപത വികാരി ജനറാൾ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സമ്മേളനത്തിന് സ്വാഗതം ആശംസിക്കും.
തൃക്കൊടിത്താനം ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി സമ്മേളനനഗര്‍ പരിചയപ്പെടുത്തും. വികാരി ജനറാൾ മോണ്‍. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വികാരി ജനറാൾ മോണ്‍. സ്കറിയ കന്യാകോണില്‍ ഖുഥാആ പ്രാര്‍ഥന നയിക്കും. എഫ്സിസി കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്രിജി എഫ്സിസി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, യുവദീപ്തി-എസ്എംവൈഎം ഡെപ്യൂട്ടി പ്രസിഡന്റ് ലൂസി പീലിപ്പോസ് എന്നിവര്‍ പ്രസംഗിക്കും. അതിരൂപതാദിന കോഓർഡിനേറ്റര്‍ ഫാ. ചെറിയാന് കക്കുഴി നന്ദിപ്രകാശനം നടത്തും.
വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര 141-ാം അതിരൂപതാദിനത്തിന്റെ പ്രഖ്യാപനവും പതാക കൈമാറലും നടത്തും. ഡോ.കെ.സി. ജോസഫിനും ശാന്താ ജോസിനും അതിരൂപതാ അവാര്‍ഡുകള്‍ അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് തിരുവന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തക ശാന്താ ജോസിനും കുട്ടനാടിന്റെ വികസനത്തില്‍ നിര്‍ണായകപങ്ക് നല്കിയ മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫിനും മാര്‍ തോമസ് തറയില്‍ സമ്മാനിക്കും. കാര്‍പ്-ആസ്പയര് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം ദളിത് കത്തോലിക്കാ വിദ്യാഭ്യാസ പദ്ധതി ആര്‍ച്ച്ബിഷപ് പ്രഖ്യാപിക്കും.
ഛായാചിത്രവും ദീപശിഖയും സമ്മേളന നഗരിയിലെത്തി
ചങ്ങനാശേരി: തൃക്കൊടിത്താനം ഫൊറോന പള്ളിയില്‍ ഇന്നുനടക്കുന്ന 140-ാമത് അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി വിളംബരദിനം ആചരിച്ചു.
ഇന്നലെ രാവിലെ പത്തിന് തിരുവനന്തപുരം പാളയത്തുള്ള സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന് സ്മാരകത്തില്‍നിന്ന് മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ദീപശിഖാപ്രയാണം മോണ്‍. ജോണ്‍ തെക്കേക്കര ദീപംതെളിച്ച് മിഷന് ലീഗ് അതിരൂപതാ പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍ കൈമാറി. വിവിധ ഇടവകകളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാലുകോടിയില്‍ എത്തിച്ചേർന്ന പ്രയാണത്തെ തൃക്കൊടിത്താനം മേഖലാ മിഷന്‍ലീഗ് അംഗങ്ങൾ സ്വീകരിച്ച് സൈക്കിള്‍ റാലിയായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.
ചങ്ങനാശേരി നഗരസഭയുടെ മുന്‍ പ്രസിഡന്റായിരുന്ന ഫാ. ഡൊമിനിക് തോട്ടാശേരിയുടെ ഛായാചിത്ര പ്രയാണം ചങ്ങനാശേരി നഗരസഭാ കാര്യാലയത്തില്നിന്നുമാരംഭിച്ചു. മുന്‍സിപ്പല്‍ ചെയര്മാന് ജോമി ജോസഫ്, ഫാ. ഡൊമിനിക് തോട്ടാശേരിയുടെ ചിത്രം യുവദീപ്തി-എസ്എംവൈഎം അതിരൂപത പ്രസിഡന്റ് അലക്സ് മഞ്ഞുമ്മേലിനു കൈമാറി. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ യുവദീപ്തി പ്രവര്‍ത്തകര്‍ അരമനപ്പടി, തെങ്ങണ, മോസ്കോ വഴി വിവിധ ഇടവകളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സമ്മേളനനഗരിയായ തൃക്കൊടിത്താനം ഫൊറോന പള്ളിയില്‍ എത്തിച്ചു.
സായാഹ്ന പ്രാര്‍ഥനയ്ക്കു മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികനായിരുന്നു. അതിരൂപതാ വികാരിജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, ചാന്‍സിലര്‍ ഫാ.ഡോ. ആന്റണി പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളേയ്ക്കല്‍, ഫൊറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ജനറല്‍കണ്‍വീനര്‍ പി.ജെ. ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മാര്‍ ജോസഫ് പെരുന്തോട്ടത്തിന് മെത്രാഭിഷേക രജതജൂബിലി
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാഭിഷേക രജതജൂബിലി നിറവില്‍. 2002 മേയ് 20ന് അതിരൂപതാദിനാചരണ അവസരത്തിലാണ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ കൈവയ്പുവഴി മാര്‍ പെരുന്തോട്ടം മെത്രാഭിഷേകം സ്വീകരിച്ചത്.
ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായും മെത്രാപ്പോലീത്തായായും സ്തുത്യര്‍ഹമായി സേവനം ചെയ്തു. ഇപ്പോള്‍ സഭാ ശുശ്രൂഷാരംഗത്ത് അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നാരംഭം കുറിക്കും.