മുഖ്യമന്ത്രി വി. ഡി. സതീശൻ
തൊടുപുഴ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടുക്കി സന്ദർശനത്തെ പ്രതീക്ഷയോടെയാണ് മലയോരജനത കാണുന്നത്. പരിസ്ഥിതിലോല പ്രശ്നങ്ങളും വന്യമൃഗ ആക്രമണങ്ങളും വനാതിര്‍ത്തികളില്‍ മൃഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള തടസങ്ങള്‍ നീക്കം ചെയ്യണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവുമെല്ലാം നിലനിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
ഇഎസ്എ സംബന്ധിച്ച അന്തിമ വിജ്ഞാപനത്തില്‍നിന്നു ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമായി ഒഴിവാക്കുന്നതിനു കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനു മുന്നില്‍ രേഖകള്‍ സഹിതം കൃത്യമായ ഇടപെടല്‍ നടത്തണമെന്ന ശക്തമായ ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. ഇതിനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്.
കോടതിവ്യവഹാരങ്ങളില്‍ കുരുങ്ങി നിര്‍മാണം നിലച്ച കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് മറ്റൊരാവശ്യം.
ഇതിനു പുറമേ ഉപാധിരഹിത പട്ടയമെന്ന ചിരകാല സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനു സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാടുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
ഇതിന് പുറമേയാണ് ജില്ലയിൽ വർധിച്ചുവരുന്ന വന്യമൃഗആക്രമണങ്ങൾ. നാലുമാസത്തിനിടെ ജില്ലയില്‍ കാട്ടാനയാക്രമണത്തില്‍ നാലു ജീവനുകളാണ് പൊലിഞ്ഞത്. ഇതിനു പുറമേ കടുവയുടെ ശല്യവും രൂക്ഷമാണ്.
അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഉപാധിരഹിത പട്ടയം നൽകണമെന്നതാണ് മലയോര ജനതയുടെ മറ്റൊരാവശ്യം. ജില്ലാ ദുരന്തനിവാരണ നിയമപ്രകാരം 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കാൻ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
മുടങ്ങിക്കിടക്കുന്ന വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നതിനടക്കം ടൂറിസം മേഖലയിലും സർക്കാരിന്റെ ഇടപെടലിനായി ജില്ല കാത്തിരിക്കുകയാണ്.
ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാൽ കൂടുതല്‍ വിദേശ-ആഭ്യന്തര സഞ്ചാരികൾ ജില്ലയിലേക്ക് എത്തുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്.
മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് കട്ടപ്പനയിൽ സ്വീകരണം
കട്ടപ്പന: മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് ജില്ലയിൽ എത്തും. രാവിലെ 11ന് കളക്ടറേറ്റില്‍ ഉന്നതതല യോഗത്തിലും ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന ഹില്‍ടൗണ്‍ ഓഡിറ്റോറിയത്തില്‍ വിവിധ സാമൂഹ്യ, സന്നദ്ധ, സാമുദായിക സംഘടനാ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. തുടര്‍ന്ന് കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് യുഡിഎഫ് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കും.
കെട്ടിടനിര്‍മാണ നിരോധനം, ക്രമവത്കരണ ചട്ടങ്ങള്‍, പട്ടയപ്രശ്നങ്ങള്‍, റവന്യു ഭൂമി വനഭൂമിയാക്കിയ ഉത്തരവുകള്‍, വന്യമൃഗശല്യം, ടൂറിസം സാധ്യതകള്‍, ഇഎസ്എ പ്രശ്നങ്ങള്‍ എന്നിവ ഉദ്യോഗസ്ഥരുമായും സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്ത് പരിഹാരം പ്രഖ്യാപിക്കുന്നതിനാണ് സന്ദര്‍ശനമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു.
പൊതുസമ്മേളനത്തില്‍ യുഡിഎഫ് ജില്ലാ ചെയര്മാന് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണവും ഡീന്‍ കുര്യാക്കോസ് എംപി ആമുഖപ്രഭാഷണവും നടത്തും. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ. ജേക്കബ്, എംഎല്‍എമാരായ റോയി കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, മുന്‍ എംഎല്‍എ ഇ.എം. ആഗസ്തി, അഡ്വ. എസ്. അശോകന്, ഇബ്രാഹിംകുട്ടി കല്ലാര്‍, ജി. വര്‍ഗീസ്, സുരേഷ് ബാബു, സാം ജോര്‍ജ്, പി. സി. ജയന് എന്നിവര്‍ പങ്കെടുക്കുമെന്ന് ജോയി വെട്ടിക്കുഴി, അഡ്വ. തോമസ് പെരുമന, അഡ്വ. കെ.ജെ. ബെന്നി, സിജു ചക്കുംമൂട്ടില്‍, ജോയി കുടക്കച്ചിറ എന്നിവര്‍ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews