മുഖ്യമന്ത്രി വി.ഡി.സതീശൻ ക്യാമ്പിൽ ഭക്ഷണം തയാറാക്കി നൽകുന്ന വനിതാ പഞ്ചായത്ത് അംഗങ്ങളെ അഭിനന്ദിക്കുന്നു.
തലയോലപ്പറമ്പ്: വനിതാ പഞ്ചായത്തംഗങ്ങൾ ദുരിതബാധിതർക്കായി നാലുനേരം ഭക്ഷണം പാചകം ചെയ്തു നൽകിയതിനെത്തുടർന്ന് ശ്രദ്ധേയമായ തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശനം നടത്തി.
കഴിഞ്ഞ ദിവസം അന്തരിച്ച വൈക്കത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി നിർവാഹകസമിതി അംഗവും വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റുമായ എൻ.എം. താഹയുടെ വെള്ളൂർ കരിപ്പാടത്തെ വീട്ടിൽ കുടുംബാംഗങ്ങളെ കാണാൻ എത്തുന്നതിനിടയിലാണ് മുഖ്യമന്ത്രി തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തിയത്.
ഇന്നലെ വൈകുന്നേരം നാലോടെ കെ. ബിനിമോൻ എംഎൽഎയ്ക്കൊപ്പം ക്യാമ്പിലെത്തിയ മുഖ്യമന്ത്രിയെ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം, വൈസ് പ്രസിഡന്റ് അനിതാ സുബാഷ്, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു അടക്കമുള്ള ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും ചേർന്ന് സ്വീകരിച്ചു.
ക്യാമ്പിലെ വയോജനങ്ങളും കുട്ടികളുമടക്കമുള്ള അന്തേവാസികളോട് സ്നേഹാന്വേഷണം നടത്തിയ മുഖ്യമന്ത്രി ക്യാമ്പിലെ ഭക്ഷണം, മരുന്ന് എന്നിവയുടെ ലഭ്യതയും പ്രദേശത്തെ വെള്ളപ്പൊക്കദുരിതത്തെക്കുറിച്ചും ചോദിച്ചു.
ക്യാമ്പിലെ ചെറിയ കുട്ടികൾക്കൊപ്പം ഏതാനും നിമിഷങ്ങൾ ചെലവിട്ട അദ്ദേഹം പിന്നീട് 300ഓളം പേർക്ക് ഭക്ഷണം തയാറാക്കി നൽകുന്ന കലവറയിലേയ്ക്കു വന്നു. അത്താഴത്തിനായി ചോറിനൊപ്പം കപ്പപ്പുഴുക്ക് ഉണ്ടാക്കുന്ന തിരക്കിലായിരുന്ന എട്ട് പഞ്ചായത്ത് വനിതാ അംഗങ്ങളുമായി മുഖ്യമന്ത്രി സംസാരിച്ചു. ദുരിതബാധിതരായി എത്തിയ സഹോദരങ്ങൾക്ക് ഏറ്റവും ശുദ്ധമായ ഭക്ഷണം തയാറാക്കി നൽകണമെന്ന വനിതാ അംഗങ്ങളുടെ തീരുമാനം മാതൃകാപരവും മറ്റുള്ളവർക്ക് പ്രചോദനവുമാണെന്ന് പറഞ്ഞ് അംഗങ്ങളെ അഭിനന്ദിച്ച് അവർക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.
Tags : Nattuvishesham Local News Chief Minister women panchayat members preparing food