ഈസ്റ്റ് പള്ളുർ - പെരിങ്ങാടി റോഡിൽ ബസ് മതിലിലും കാറിലും ഇടിച്ച നിലയിൽ.
മാഹി: പെരിങ്ങാടി- സ്പിന്നിംഗ് മിൽ റോഡിൽ മാങ്ങോട്ടുംകാവ് പതിനെട്ടാംപടിക്ക് സമീപം നിയന്ത്ര ണം വിട്ട ബസ് വൈദ്യുത പോസ്റ്റിലും കാറിലും ഇടിച്ച് അപകടം. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. വടകര–തലശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
അറ്റകുറ്റപ്പണികൾക്കായി രണ്ടുദിവസമായി വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരുന്ന ബസ് ട്രയൽ റണ്ണിനായി റോഡിലിറക്കിയതായിരുന്നു. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ല. ട്രയൽ റണ്ണിനിടെ എയർ ബ്രേക്കിന് തകരാർ സംഭവിച്ചതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.നിയന്ത്രണംവിട്ട ബസ് ആദ്യം റോഡരികിലെ മതിലിൽ ഇടിച്ചശേഷം എതിർദിശയിൽനിന്ന് ഓടിച്ചുവരികയായിരുന്ന കാറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. പെരളശേരി സ്വദേശിയുടേതാണ് കാർ. വൈദ്യുത പോസ്റ്റ് തകർന്നതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ന്യൂമാഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags : Nattuvishesham Local News Bus hits electric pole accident