പിടിയിലായ വിഷ്ണുവും അനുരാഗും.
പൂച്ചാക്കൽ: തൈക്കാട്ടുശേരി ബിവറേജസ് ഔട്ട്ലെറ്റിനു മുന്നിലെ സംഘർഷത്തിലെ പ്രതികളെ പിടികൂടി. ഔട്ട്ലെറ്റിലെ ക്യൂവിൽ മുൻപിൽ കയറിയത് ചോദ്യം ചെയ്ത തൈക്കാട്ടുശേരി, മഠത്തിൽ വെളി ഗോവിന്ദന്റെ മകൻ അനീഷി(42)നെയാണ് ചെറുപ്പക്കാർ ചേർന്ന് ആക്രമിച്ചത്. കേസിൽ വിഷ്ണു(26), അനുരാഗ്(25) എന്നിവരെ ബുധനാഴ്ച രാത്രി തൈക്കാട്ടുശേരി ശ്രാമ്പിക്കൽ ഭാഗത്തുവച്ച് പോലീസ് പിടികൂടി.
മർദന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പൂച്ചാക്കൽ പോലീസ് സ്വമേധയാ കേസ് എടുത്തു. അക്രമികൾ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചും നാവിക്ക് ചവിട്ടിയും പരിക്കേൽപ്പിച്ചു. അനീഷ് സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറാണ്.
സംഘം ചേർന്ന് ആക്രമണം, മാരകായുധം ഉപയോഗിച്ച് ആക്രമണം എന്നിങ്ങനെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. പൂച്ചാക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജി. ശ്യാമിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ടി. അനിൽകുമാർ, സുനിൽ രാജൻ, സിപിഒമാരായ സാലി, കലേഷ്, ബിജോയി, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഔട്ട്ലെറ്റിനു മുന്നിൽ ലഹരിക്കടിമപ്പെട്ട സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചുവരികയാണെന്ന് പ്രദേശവാസികളും പൊതുജനങ്ങളും പറയുന്നു. മദ്യം വാങ്ങാൻ പണം ആവശ്യപ്പെടുന്നതും നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുന്നതുമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്.