എലിക്കുളം: പാമ്പോലിയിൽ പറമ്പുകളുടെ അതിരിലുള്ള നീർച്ചാൽ നികത്തി റോഡിന് വീതി കൂട്ടാനുള്ള ശ്രമത്തെ തുടർന്ന് സംഘർഷം. സംഭവം സംബന്ധിച്ച് എലിക്കുളം പഞ്ചായത്തിൽ പരാതി നൽകിയ വെച്ചൂർ വി.എസ്. സെബാസ്റ്റ്യന് സംഘർഷത്തിൽ പരിക്കേറ്റു. ഇയാളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കല്ലിട്ട് നികത്താൻ ശ്രമിച്ചപ്പോൾ പോലീസെത്തി തടഞ്ഞിരുന്നു. തുടർന്ന് ഈ മാസം 21 ന് സ്റ്റേഷനിലെത്തിയ ശേഷം മതി ബാക്കി നിർമാണ പ്രവർത്തനങ്ങൾ എന്നും പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ രാവിലെ ഇരുപതോളം ആളുകൾ സംഘടിച്ചെത്തി ബാക്കിയുള്ള ഭാഗം ബലമായി മൂടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സെബാസ്റ്റ്യൻ വെച്ചൂരിന് പരിക്കേറ്റത്.
സംഭവമറിഞ്ഞ് പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ജയദീപ് പാറയ്ക്കൻ, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുന പ്രസാദ്, പഞ്ചായത്തംഗങ്ങളായ ആൻസി ജെയിംസ്, ജോഷി കെ. ആന്റണി, വി.ഐ. അബ്ദുൾ കരിം, മറിയാമ്മ തച്ചിലേടത്ത് എന്നിവർ സംഭവ സ്ഥലത്ത് എത്തിയിരുന്നു. പൊൻകുന്നം പോലീസുമെത്തി.
Tags : nattu vishesham Clashes erupt during flood relief