നൂല്‍പ്പുഴയില്‍ കാലാവസ്ഥ കര്‍മപദ്ധതി ശില്പശാല
നൂല്‍പ്പുഴ: കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങള്‍ പ്രതിരോധിക്കുന്നതിനും പ്രാദേശിക വികസന ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്തും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജിയും സംയുക്തമായി ഏകദിന കാലാവസ്ഥ കര്‍മപദ്ധതി ശില്പശാല സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം.കെ. ജയ ഉദ്ഘാടനം ചെയ്തു.അതിതീവ്ര മഴയും പ്രളയവും നേരിട്ട പ്രദേശമെന്ന നിലയില്‍ നൂല്‍പ്പുഴയില്‍ കാലാവസ്ഥ കര്‍മപദ്ധതി തയാറാക്കുന്നതില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് അവര്‍ പറഞ്ഞു. സെന്റര്‍ റിസര്‍ച്ച് അസിസ്റ്റന്റ് പി.കെ. മുനീര്‍ കാലാവസ്ഥ കര്‍മപദ്ധതി വിശദീകരണം നടത്തി.
പ്രാദേശിക ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍, പ്രാദേശിക സമ്പദ്വ്യവസ്ഥ എന്നിവ ആസ്പദമാക്കിയുള്ള ആസൂത്രണത്തിന്റെ പ്രസക്തി അദ്ദേഹം വിവരിച്ചു.
ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി, ബിഎംസി പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ആശയ രൂപീകരണത്തിനും മുനീര്‍, വിവേകാനന്ദ്, ആദിര്‍ഷാ, പ്രസാദ്, പല്ലവ് എന്നിവര്‍ നേതൃത്വം നല്കി. ഹ്യൂം സെന്റര്‍ ക്ലൈമറ്റ് ആക്ഷന്‍ ലീഡ് വി. ജയ്ശ്രീകുമാര്‍ ഹ്യൂം സെന്റര്‍ എഡ്യുക്കേഷന്‍ ടീം ലീഡ് എം.എം. പ്രസാദ് എന്നിവർ സംസാരിച്ചു.
Tags : Nattuvishesham Districtnews