കൊച്ചി: ആഗോള സംഭവ വികാസങ്ങളുടെ ചുവടുപിടിച്ച് ഭീകരവാദത്തിന്റെ വേരുകള് ജൂതസ്മാരകങ്ങളിലേക്ക് പടരുമ്പോഴും വ്യക്തമായ ചിത്രം നല്കാനാകാതെ കോഡര് ഹൗസ് തീപിടുത്തം ഇരുട്ടില് തുടരുന്നു. സെപ്റ്റംബര് 29ന് രാത്രിയിലാണ് കോഡര് ഹൗസ് കത്തിയമര്ന്നത്.
ഷോര്ട്ട് സര്ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന നിഗമനത്തിലാണ് പോലീസ്. എങ്കിലും ഇതുസംബന്ധിച്ച് ആധികാരികമായി വ്യക്തമാക്കേണ്ട ഇലക്ട്രിക്കല് ഇന്സ്പെക്ടറേറ്റ് വിഭാഗം ഇതുവരെ റിപ്പോര്ട്ട് സമര്പ്പിച്ചിട്ടില്ല.
പൗരാണിക കെട്ടിടത്തിന്റെ ഉയര്ന്ന ഭാഗങ്ങളില് പരിശോധന നടത്താന് സ്കഫോള്ഡ് അടക്കമുള്ള സൗകര്യങ്ങള് ഒരുക്കേണ്ടതിനാല് ഫോറന്സിക് പരിശോധനയും പൂര്ത്തിയായിട്ടില്ല.
കോഡര് ഹൗസിന് തീപിടിച്ചിട്ട് 15 ദിവസം പിന്നിടുന്നു. ഫോര്ട്ടുകൊച്ചിയിലെ ജൂത പള്ളിക്ക് ബോംബ് ഭീഷണിയുണ്ടായത് കഴിഞ്ഞ 12നാണ്.
14ന് എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗിന് ബാനറുകള്ക്കും ഫ്ളെക്സുകള്ക്കും തീകൊളുത്തിയയാളെ അറസ്റ്റ് ചെയ്ത എറണാകുളം സെന്ട്രല് പോലീസ്, പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സൂചന നല്കുമ്പോഴും ഇതുമായി ഇഴപിരിഞ്ഞുകിടക്കുന്ന കോഡര് ഹൗസിന്റെ അന്വേഷണം ഉദ്യോഗസ്ഥര്ക്ക് മുറപോലെ നടക്കേണ്ട സര്ക്കാര് കാര്യമാകുകയാണ്.
ഷോര്ട്ട് സര്ക്യൂട്ടെന്ന് പോലീസ് നിഗമനം
കോഡര് ഹൗസിന്റെ തീപിടുത്തത്തെ കുറിച്ചുള്ള അന്വേഷണം സംബന്ധിച്ച കാര്യങ്ങളില് ഷോര്ട്ട് സര്ക്യൂട്ട് മൂലമാണെന്നാണ് പോലീസ് നിഗമനമെന്ന് മട്ടാഞ്ചേരി എസിപി ജി. അജിത്കുമാര് പറഞ്ഞു. തടിയില് പാകിയിട്ടുള്ള തറയും ചുമരുകളും വാര്ണിഷില് പോളിഷ് ചെയ്തിരുന്നത് തീ ആളിപ്പടരാന് കാരണമായിട്ടുണ്ടാകാം.
വൈദ്യുതി സംവിധാനങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന വകുപ്പായ ഇലക്ട്രിക്കല് ഇന്സ്പെക്ടറേറ്റാണ് ഇത് ആധികാരിമായി വ്യക്തമാക്കേണ്ടത്. റിപ്പോര്ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ മറ്റു ഊഹാപോഹങ്ങള് സംബന്ധിച്ച് ഇപ്പോള് മറുപടി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോറന്സിക് സംഘത്തിന്റെ പരിശോധനയും പൂര്ത്തിയാകേണ്ടതുണ്ട്. സര്വീസ് വയറുകള്, കുഴലിലൂടെയും മറ്റും കടത്തിവിട്ടിട്ടുള്ള ഉയരങ്ങളില് അവര്ക്ക് പരിശോധന നടത്താന് സൗകര്യങ്ങള് ഒരുക്കേണ്ടതായി വന്നു. ഇന്നോ നാളെയോ പരിശോധന നടന്നേക്കും. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ജൂതപള്ളിയിൽ പരിശോധന നടന്നത്. പള്ളിയുടെ സുരക്ഷ വര്ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Tags : NattuVishesham DistrictNews