തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ജില്ലാ കളക്ടർ ചേതൻകുമാർ മീണ
വൈക്കം: ദുരിതാശ്വാസ ക്യാമ്പുകളിൽ സാന്ത്വനമേകി ജില്ലാ കളക്ടർ ചേതൻകുമാർ മീണ. ഉദയനാപുരം നക്കംതുരുത്തിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ദുരിതബാധിതർക്കൊപ്പം ഭക്ഷണം കഴിച്ച കളക്ടർ തലയാഴത്തെ തോട്ടകം ഗവൺമെന്റ് എൽപിഎസ്, ചാലപ്പറമ്പ്, വല്ലകം, തലയോലപ്പറമ്പ് ക്യാമ്പുകൾ സന്ദർശിച്ചു.
ക്കത്ത് ഏറ്റവും കൂടുതൽ ദുരിതബാധിതരെ പാർപ്പിച്ച ഉദയനാപുരം വല്ലകം സെന്റ് മേരീസ് സ്കൂളിലെ ക്യാമ്പിൽ അര മണിക്കൂറോളം ചെലവിട്ട കളക്ടർ കരിയാർ സ്പിൽവേ സന്ദർശിച്ചു. സ്പിൽവേയുടെ ഷട്ടറിൽ നീരൊഴുക്ക് തടസപ്പെടുത്തി തങ്ങിനിൽക്കുന്ന പുല്ലും പോളയും നീക്കംചെയ്യാൻ മേജർ ഇറിഗേഷൻ അധികൃതർക്ക് കളക്ടർ നിർദേശം നൽകി.
തുടർന്ന് തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ കളക്ടർ ക്യാമ്പിന്റെ പ്രവർത്തനം വിലയിരുത്തി ദുരിത ബാധിതരുമായി സംസാരിച്ചു.
ക്യാമ്പ് തുടങ്ങിയ നാൾ മുതൽ ദുരിത ബാധിതർക്ക് ഭക്ഷണം തയാറാക്കി നൽകുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കമുള്ള എട്ട് വനിതാ പഞ്ചായത്ത് അംഗങ്ങളെ കളക്ടർ അഭിനന്ദിക്കുകയും അവർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
ഇന്നലെ 300ഓളം പേർക്കാണ് ഇവർ മൂന്നുനേരം ഭക്ഷണം തയാറാക്കി നൽകിയത്. ക്യാമ്പ് തുടങ്ങിയ നാൾമുതൽ ഭക്ഷണം വിളമ്പി നൽകാനും കുടിവെള്ളം വിതരണം ചെയ്യാനും പാത്രം കഴുകാനുമായൊക്കെ വ്യാപൃതരായ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിലെ പ്ലസ്ടു കോമേഴ്സ് വിഭാഗം രണ്ടാം വർഷ വിദ്യാർഥികളും എൻഎസ്എസ് വോളണ്ടിയർമാരുമായ എസ്. മാധവ്, ജീവൻ രതീഷ്, അദ്വൈത് ഡാനിൻ, ദേവനാരായണൻ, അഭിയ തോമസുകുട്ടി എന്നിവരുടെ സേവന സന്നദ്ധതയെയും കളക്ടർ അഭിനന്ദിച്ചു.
വിദ്യാർഥികൾക്കൊപ്പം ഏതാനും മിനിട്ടുകൾ സല്ലപിച്ച കളക്ടർ വിദ്യാർഥികളുടെ പുറത്തു തട്ടിയും ഹസ്തദാനം നൽകിയാണ് മടങ്ങിയത്.