പ്രതീകാത്മക ചിത്രം
കസര്‍ഗോഡ്: അനന്തപുരം വ്യവസായ എസ്റ്റേറ്റിലെ ഫാക്ടറികളിലെ മലിനജലം സമീപത്തെ കിണറുകളിലേക്ക് ഒഴുകി എത്തുന്നതായുള്ള സമീപ വാസികളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ വിദഗ്ധ ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തി. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
കുടിവെള്ള പ്രശ്നം നേരിടുന്നവര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ ജില്ലാകളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തര നിര്‍ദേശം നല്കി കഴിഞ്ഞ മെയ് മാസത്തില്‍ അനന്തപുരത്തെ ഒരു ഫാക്ടറിയെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അടച്ചിടുന്നതിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ അധ്യക്ഷതയില്‍ പ്രാദേശികമായി ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തില്‍ ട്രയല്‍ റണ്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷമാണ് വീണ്ടും ജല മലിനീകരണ പരാതി ലഭിച്ചത്.
നിലവില്‍ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും കളക്ടര്‍ നിര്‍ദേശം നല്കി.ശനിയാഴ്ച വ്യവസായ വകുപ്പ് ജില്ലാ മാനേജറുടെ നേതൃത്വത്തില്‍ എണ്‍വയണ്‍മെന്റ് എന്‍ജിനിയര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനിയര്‍ കേരള വാട്ടര്‍ അതോറിറ്റി എക്സി.എന്‍ജിനിയര്‍ കുമ്പള, പുത്തിഗെ പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
Tags : NattuVishasham DistrictNews