കരുവാറ്റയിൽ ദേശീയപാതയ്ക്കായി മണലെടുത്ത സർക്കാർ ഭൂമി ഗ്രാവലിട്ട് നികത്തി കൈയേറിയ നിലയിൽ.
ഹരിപ്പാട്: ദേശീയപാതയുടെ ഉടമസ്ഥതയിലുള്ള വിലപിടിപ്പുള്ള ഭൂമി മണൽമാഫിയ സംഘങ്ങൾ സ്വകാര്യവ്യക്തിക്കു വേണ്ടി ഗ്രാവലിട്ട് നികത്തി കൈയേറാൻ ശ്രമിക്കുന്നതായി പരാതി. കരുവാറ്റ എൻഎസ്എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് പടിഞ്ഞാറ് വശത്ത് ദേശീയപാതയോട് ചേർന്നുകിടക്കുന്ന പത്തു സെന്റോളം സ്ഥലമാണ് കൈയേറ്റ ഭീഷണിയിലായിരിക്കുന്നത്. വിപണിയിൽ രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന പൊതുഭൂമിയാണിത്.
അരനൂറ്റാണ്ട് മുൻപ് ദേശീയപാത നിർമാണത്തിനായി മണലെടുത്തതിനെത്തുടർന്ന് ഈ ഭാഗം വെള്ളക്കെട്ടായി മാറുകയും കാടുപിടിച്ചുകിടക്കുകയുമായിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് മാഫിയ സംഘങ്ങൾ റവന്യു അധികൃതരുടെ കണ്ണുവെട്ടിച്ച് കൈയേറ്റത്തിനു മുതിർന്നത്. സർക്കാർ അവധി ദിവസങ്ങൾ കേന്ദ്രീകരിച്ച് രഹസ്യമായി ഗ്രാവൽ അടിച്ചാണ് നിലവിൽ സ്ഥലം പൂർണമായും നികത്തിയെടുത്തിരിക്കുന്നത്.
വില്ലേജ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥർ വൻ തുക കൈക്കൂലി വാങ്ങി വ്യാജരേഖകൾ ചമച്ചാണ് കൈയേറ്റത്തിന് ഒത്താശ നൽകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ പ്രദേശത്തുതന്നെ മുൻപും സമാനമായരീതിയിൽ സർക്കാർ ഭൂമി നികത്തി കൈയേറിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെയും കൈയേറ്റക്കാർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.