പ്രതീകാത്മക ചിത്രം
വർക്കല: ഇടവ മാന്തറ ബീച്ചിലെ സ്വകാര്യ റിസോർട്ട് ഉടമകൾ തമ്മിലുള്ള വഴിത്തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യത്തെ തുടർന്ന് യുവാവിനെയും ബന്ധുവിനെയും സംഘംചേർന്ന് ആക്രമിച്ചതായി പരാതി. സംഭവത്തിൽ ഒരാൾ പിടിയിലായി.
ഇടവ സ്വദേശികളായ ഇഷാം, ബന്ധുവായ സജീദ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മാന്തറ ബീച്ചിൽ പ്രവർത്തിക്കുന്ന ഫ്ളവർഹിൽസ് കോട്ടേജിന്റെ ചുമതല വഹിക്കുന്ന ഇഷാമിന്റെ ബന്ധുവാണ് സജീദ്. ഇന്നലെ ഉച്ചയോടെ റിസോർട്ടിലേക്ക് ടൂറിസ്റ്റുകളുമായെത്തിയ സജീദിനെ മഠത്തിൽ റിസോർട്ടിലെ ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.
വിവരം അറിഞ്ഞെത്തിയ ഇഷാം സംഭവം ചോദ്യം ചെയ്തതോടെ ഇയാളെ തെങ്ങിൽകെട്ടിയിടുകയും മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ ഇഷാമിന്റെ കണ്ണിനും തലയ്ക്കും നെഞ്ചിലും മുതുകിലും കൈക്കും പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന സഞ്ചാരികൾ ഇടപെട്ടാണ് ഇഷാമിനെ മോചിപ്പിച്ചത്.
ഗുരുതര പരിക്കേറ്റ ഇഷാമിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാന്തറ സ്വദേശികളായ സിദ്ധിഖ്, റാഫി, ഷാജഹാൻ, മുജാഹീർ, മുസ്ലിംകുട്ടി എന്നിവർക്കെതിരേ അയിരൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു.
അഞ്ചാം പ്രതിയായ മുസ്ലിംകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്യുമെന്നു വർക്കല ഡിവൈഎസ്പി പി.വി. രമേഷ് കുമാർ അറിയിച്ചു. മറ്റ് പ്രതികൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന് തൊട്ടുമുമ്പ് റിസോർട്ടിലെ സിസിടിവി കാമറകൾ ഓഫ് ചെയ്തതായും പൊലിസ് കണ്ടെത്തി.
Tags : Complaint NattuVishasham DistrictNews