കൊഴിഞ്ഞാമ്പാറ: എരുത്തേമ്പതിയിൽ വർങ്ങളായി സമീപവാസികൾ കാൽനടയ്ക്കായി ഉപയോഗിച്ചു വന്ന പൊതുവഴി സ്വകാര്യ വ്യക്തി കൈയേറി ഗേറ്റ് സ്ഥാപിച്ച് സഞ്ചാര തടസമുണ്ടാക്കിയതായി പരാതി. എരുത്തേമ്പതി പഞ്ചായത്ത് ഓഫീസിനു മുൻപിൽ നിന്ന് പിടാരിമേട് കുളം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരപരിധിയിലാണ് കയ്യേറ്റം നടന്നതായി പരാതി ഉയർന്നത്.
പൊതുവഴി തടസപ്പെട്ടതോടെ കാർഷിക സാമഗ്രികളുമായി വാഹനങ്ങൾ പോകാനാവാതെ 150 ഏക്കറോളം കൃഷിഭൂമി ഉപയോഗ ശൂന്യമാകുമെന്നാണ് നാട്ടുകാരുടെ ആരോപണം. പിടാരിമേട്ടിൽ നിന്ന് പത്തിലധികം വർഷങ്ങളായി എരുത്തേമ്പതിയിൽ എളുപ്പത്തിൽ എത്താൻ സഞ്ചരിച്ചിരുന്ന വഴിയാണിത്. ഈ വഴി തടസപ്പെട്ടതോടെ രണ്ട് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ടതായ ഗതികേടിലാണ് സമീപവാസികൾ. പത്തു മീറ്റർ വീതിയുള്ള ഒരു കനാലും ഇവിടെയുണ്ട്.
ഈ കനാലിന്റെ ഇരുവശത്തും വാഹനങ്ങൾ പോകാൻ പാകത്തിനുള്ള വഴിയുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പുറമ്പോക്ക് ഭൂമിയിലെ സ്വകാര്യ വ്യക്തിയുടെ കൈയേറ്റം ഒഴിപ്പിച്ച് തരിശു കിടക്കുന്ന കൃഷിഭൂമി ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാർ പങ്കെടുത്ത ‘കരുതലും കൈത്താങ്ങും' അദാലത്തിൽ പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിറ്റൂർ താലൂക്ക് സർവേയർ സ്ഥലത്തെത്തി അളന്നു തിട്ടപ്പെടുത്തി കൈയേറ്റമുണ്ടെന്നു കണ്ടെത്തുകയും പുറമ്പോക്ക് ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് കല്ല് സ്ഥാപിക്കുകയും ചെയ്തിട്ടുമുണ്ട് .
എന്നാൽ ഈ കല്ലുകൾ പിഴുതെറിഞ്ഞതായാണ് നാട്ടുകാരുടെ ആരോപണം. ഇതേത്തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ആർ. ശിവാനാന്ദൻ കൊഴിഞ്ഞാമ്പാറ പോലീസിൽ നൽകി. ബുധനാഴ്ച പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും ഉടമയില്ലാത്തതിനാൽ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.
Tags : nattu vishashesham