കരുനാഗപ്പള്ളി - കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതിയുടെ കുഴലുകൾ.
കരുനാഗപ്പള്ളി: മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ആവിഷ്കരിച്ച കരുനാഗപ്പള്ളി - കുന്നത്തൂർ സംയോജിത കുടിവെള്ള പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നു.
തഴവ, കുലശേഖരപുരം, തൊടിയൂർ പഞ്ചായത്തുകളിലെ നിർമാണ പ്രവർത്തനങ്ങളാണ് എങ്ങുമെത്താതെ ഇഴയുന്നത്. പദ്ധതിയുടെ ഭാഗമായ കുന്നത്തൂരിൽ വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചപ്പോഴാണ് കരുനാഗപ്പള്ളിയിൽ മന്ദഗതിയിലായത്. പൈപ്പ് കുഴിച്ചിടുന്ന പ്രവർത്തനംപോലും മൂന്നു പഞ്ചായത്തുകളിലും പൂർത്തിയായിട്ടില്ല. പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു.
ജലസംഭരണിയുടെ നിർമാണവും ജലമെത്തിക്കുന്ന കുഴലുകൾ സ്ഥാപിക്കുന്നതുമായ പ്രവൃത്തികൾ തൊടിയൂരിൽ ഇനിയും ക്രമീകരിച്ചിട്ടില്ല. കുലശേഖരപുരത്തും ജലസംഭരണിയുടെ നിർമാണവും പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കലും ഇതുവരെ ആരംഭിച്ചിട്ടില്ല.
തഴവയിൽ പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിപോലും ഇതുവരെ നടത്തിയിട്ടില്ല. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎമാരായിരുന്ന ആർ. രാമചന്ദ്രനും കോവൂർ കുഞ്ഞുമോനും മുൻകൈയെടുത്താണ് സംയോജിത കുടിവെള്ള പദ്ധതിക്കായി നടപടി തുടങ്ങിയത്.
കല്ലടയാറിൽ ഐവർകാല ഞാങ്കടവിൽനിന്നുള്ള വെള്ളം ശേഖരിച്ചാണ് പദ്ധതിയിലൂടെ വിതരണംചെയ്യുന്നത്. ഇതിനായി ഞാങ്കടവിൽ പ്രത്യേകം പമ്പ് ഹൗസും അമ്പുവിളയിൽ ട്രീറ്റ്മെന്റ് പ്ലാന്റും ഓവർഹെഡ് ടാങ്കും നിർമിക്കാനുള്ള പദ്ധതി പ്രകാരം ആനയടി കോട്ടപ്പുറം ദേശീയപാത 183ന് സമീപം 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ പണി പൂർത്തിയായി.
എന്നാൽ, കരുനാഗപ്പള്ളിയിൽ സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവർ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിനുവേണ്ടത്ര ഇടപെടൽ നടത്തുന്നില്ലെന്ന വിമർശനമാണ് ഉയരുന്നത്. ഇങ്ങനെ പോയാൽ അടുത്ത വേനൽക്കാലത്തിനു മുമ്പ് പോലും പദ്ധതി യാഥാർഥ്യമാക്കാൻ കഴിയാതെ വരും.
പദ്ധതിയുടെ നടത്തിപ്പിനായി നബാർഡിൽ 65.50 കോടിയും ജലജീവൻ മിഷനിൽ നിന്നുള്ള 415.57 കോടിയും ഉൾപ്പടെ 481.07 കോടി രൂപയുടെ ഭരണാനുമതിയാണ് നേരത്തെ ലഭിച്ചിച്ചത്.
Tags : Local News Nattuvishesham Kollam