കെസി വേണുഗോപാൽ
കായംകുളം: കായംകുളത്ത്ഡി-സ്കോപ്പ് ചെയ്ത ദേശീയ പാതാ നിർമാണം പില്ലർ എലിവേറ്റഡ് ഉയരപാതയായി പുനരാരംഭിക്കുന്നതിന് നടപടികൾ വേഗത്തിലാക്കാൻ ദേശീയ പാതാ അഥോറിറ്റിക്ക് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ എംപിയുടെ നിർദ്ദേശം. തിരുവനന്തപുരത്ത് ചേർന്ന പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി യോഗത്തിന് ശേഷം ഉപരിതല ഗതാഗത മന്ത്രാലയം ജോയിന്റ് സെക്രട്ടറി സിഎൻസിംഗ്, ദേശീയപാതാ അഥോറിറ്റി അംഗം വെങ്കടരമണ, പൊതുമരാമത്ത് ചീഫ് സെക്രട്ടറി അദീല അബ്ദുള്ള എന്നിവരുമായി കെ.സി. വേണുഗോപാൽ എംപി പ്രത്യേക ചർച്ച നടത്തി.
കായംകുളത്ത് ഒരു കിലോമീറ്റർ ദൂരത്തിൽ ഉയരപ്പാത നിർമിക്കാമെന്ന പുതിയ നിർദേശം പ്രായോഗികമല്ലെന്നും 2.25 കിലോമീറ്റർ നീളത്തിൽ തന്നെ ഉയരപ്പാത നിർമിക്കണമെന്നുമുള്ള ആവശ്യത്തിൽ എംപി ഉറച്ചുനിന്നു. കായംകുളത്തെ സാമൂഹിക പാരിസ്ഥിതിക പ്രത്യേകതകൾ പരിഗണിച്ച് 2.25 കിലോമീറ്റർ നീളത്തിൽ തന്നെ ഉയരപ്പാത നിർമാണം ആരംഭിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
പറവൂർ മുതൽ കായംകുളം കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ നിർമാണം ഇഴഞ്ഞു നീങ്ങുകയാണെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും എംപി ആവശ്യപ്പെട്ടു. കരാർ കമ്പനി പല തരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നത് നിർമാണത്തെ ബാധിച്ചെന്ന് അധികൃതർ മറുപടി നൽകി. ഇതിന് പരിഹാര മാർഗങ്ങൾ കണ്ടെത്താനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ നിർമാണം നേരത്തേ തീരുമാനിച്ച കാലയളവിൽ തന്നെ പൂർത്തിയാക്കാനും എംപി നിർദ്ദേശിച്ചു.
Tags :