പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ കോടതി സമുച്ചയ നിർമാണത്തിനായി റിംഗ് റോഡരികിൽ മേലെവെട്ടിപ്രത്തു കണ്ടെത്തിയിരിക്കുന്ന സ്ഥലം.
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിച്ചിരുന്ന കോടതികളും അടിയന്തരമായി കുടിയിറങ്ങാൻ നോട്ടീസ്. കെട്ടിടം അപകടാവസ്ഥയിലായതിനേത്തുടർന്ന് ജില്ലാ മജിസ്ട്രേറ്റ്കൂടിയായ ജില്ലാ കളക്ടർ പുറപ്പെടുവിച്ച അന്ത്യശാസന കാലാവധി കഴിഞ്ഞിട്ടും പുതിയ കെട്ടിടം സജ്ജമാകാത്തതിനാൽ ജില്ലാ സെഷൻസ് കോടതിയടക്കം അപകടാവസ്ഥയിലുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഏഴ് കോടതികളാണ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിലുള്ളത്.
1990ൽ തുറന്നുകൊടുത്ത മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ജില്ലാ സെഷൻസ് കോടതി, അഡീഷണൽ കോടതി, സബ് കോടതി, ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ്, ജുഡീഷൽ മജിസ്ട്രേറ്റ് കോടതികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
മിനി സിവിൽ സ്റ്റേഷന്റെ അപകടാവസ്ഥയിൽ ആദ്യം ഇടപെട്ടതും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോടതികളാണ്. 2008ൽ സിവിൽ സ്റ്റേഷന്റെ ശോച്യാവസ്ഥ പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്താൻ നിർദേശിച്ചിരുന്നു.
താത്കാലിക സംവിധാനങ്ങളൊരുക്കും
മിനി സിവിൽ സ്റ്റേഷനിൽനിന്ന് അടിയന്തരമായി ഒഴിയണമെന്ന നിർദേശത്തേത്തുടർന്ന് പത്തനംതിട്ടയിലെ കോടതികൾ താത്കാലികമായി മാറ്റാനാണ് തീരുമാനം. ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് സിവിൽ കോടതികൾ മാറ്റാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎല്ലുമായി ബന്ധപ്പെട്ട ധാരണ ഒപ്പുവയ്ക്കുന്നതോടെ മാറ്റം സാധ്യമാകും. ക്രിമിനൽ കോടതികൾക്കായി പോലീസ് സ്റ്റേഷനു സമീപത്ത് മറ്റൊരു കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. വാടക അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമാകുന്നതോടെ കോടതികൾ മാറ്റിത്തുടങ്ങും.
കോർട്ട് കോംപ്ലക്സ് സ്വപ്ന പദ്ധതി
ജില്ലാ ആസ്ഥാനത്തെ കോടതികൾ ഒരു കെട്ടിടത്തിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി പ്രാവർത്തികമാകുന്നതിൽ കാലതാമസമുണ്ടായതോടെയാണ് വീണ്ടും വാടക കെട്ടിടങ്ങൾ അന്വേഷിക്കേണ്ട സാഹചര്യമുണ്ടായത്.
പത്തനംതിട്ട മേലെവെട്ടിപ്രം ഭാഗത്ത് റിംഗ് റോഡ് അരികിലായി ആറ് ഏക്കർ സ്ഥലമാണ് കോർട്ട് കോംപ്ലക്സിനായി കണ്ടെത്തിയത്. കെ.കെ. നായർ എംഎൽഎ ആയിരുന്ന കാലഘട്ടത്തിൽ തയാറാക്കിയ പദ്ധതിയാണ് കോടതി സമുച്ചയ നിർമാണം. ഇതിനായി ആദ്യഘട്ടത്തിൽ നിർദേശിക്കപ്പെട്ട സ്ഥലം അനുയോജ്യമായില്ല. തുടർന്നാണ് മേലെവെട്ടിപ്രത്തെ സ്ഥലം കണ്ടെത്തിയത്. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളും വില നിർണയവും അനിശ്ചിതമായി നീണ്ടു. ഏറ്റവും ഒടുവിൽ കഴിഞ്ഞവർഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചത്.
24 തണ്ടപ്പേരുകളിലായുള്ള ആറ് ഏക്കർ സ്ഥലം 20 കോടി രൂപ ചെലവഴിച്ചാണ് ഏറ്റെടുത്തത്. 100 കോടി രൂപയാണ് കോടതി സമുച്ചയത്തിനാണ് പ്ലാൻ തയാറാക്കിയത്. ഇതിനാവശ്യമായ ഫണ്ടിന്റെ അപര്യാപ്തയാണ് നടപടിക്രമങ്ങൾ വൈകിച്ചത്.