പ്രതീകാത്മക ചിത്രം
കോന്നി: കോന്നി പഞ്ചായത്തിന്റെ പരിധിയില്‍ മഞ്ഞക്കടമ്പ് ഭാഗത്ത് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച പാറമടയുമായി ബന്ധപ്പെട്ടു ജനങ്ങളെ വിഡ്ഢികളാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ്. പാറമടയ്ക്കുള്ള ലൈസന്‍സിന്റെ വിഷയം പഞ്ചായത്ത് കമ്മിറ്റിയില്‍ വന്നപ്പോള്‍ പത്താം വാര്‍ഡ് മെംബര്‍ ഒഴികെ ഈ വിഷയത്തില്‍ ഒരു എതിരഭിപ്രായവും പറഞ്ഞിരുന്നില്ല. രേഖകള്‍ പൂര്‍ണമല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മിറ്റി അറിയിച്ചിരുന്നു.
എല്ലാ രേഖകളും ഹാജരാക്കിയ ശേഷം അടുത്ത കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാമെന്ന് കമ്മിറ്റിയില്‍ അംഗങ്ങള്‍ അഭിപ്രായം പറഞ്ഞതിന് വിപരീതമായി സെക്രട്ടറി അവധി തീയതിയില്‍ തന്നെ ലൈസന്‍സ് നല്കുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം അടിയന്തരമായി കമ്മിറ്റി കൂടി കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ കൊടുക്കാനും ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള തുടര്‍നടപടിയും, കമ്മിറ്റിയില്‍ അഭിപ്രായം പറഞ്ഞതിന് വിപരീതമായി ലൈസന്‍സ് നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
വസ്തുതകള്‍ ഇതായിരിക്കേ പഞ്ചായത്ത് രണ്ട് തട്ടാണെന്നും, പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നത ഉണ്ടെന്നുമുള്ള സിപിഎം പ്രചാരണം ഇരട്ടത്താപ്പാണ്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പദ്ധതിക്കും അനുമതി നല്‍കില്ലെന്നും, നിയമവിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം ലൈസന്‍സ് നല്കിയ സെക്രട്ടറിക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് കാലായിയില്‍ പറഞ്ഞു.