കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളയുമായി സഹകരിച്ച് നടപ്പാക്കുന്ന ക്രിയേറ്റീവ് കോർണർ പദ്ധതിയുടെ ഭാഗമായി ജില്ലാതല ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
പഠനം കൂടുതൽ ആകർഷകവും ആസ്വാദ്യകരവുമാക്കുക, വിദ്യാർഥികളിൽ ആത്മവിശ്വാസം വർധിപ്പിക്കുക, പഠനം വിദ്യാർഥികളുടെ അഭിരുചിയ്ക്കനുസൃതമായി അവധിക്കാല പരിശീലനങ്ങൾ, പാഠ്യേതര വിഷയങ്ങളിലും അധ്യാപകർക്കും ഇടയിലുള്ള അന്തരം നികത്തുക, തൊഴിൽ സംസ്കാരം വളർത്തുക, പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾ പുറം ലോകവുമായി ബന്ധിപ്പിച്ച് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കൽ, തൊഴിലിന് ആദരവ് നൽകി വിദ്യാർഥികളെ സമർഥരും ഉത്തരവാദിത്തമുള്ളവരാക്കുകയാണ് ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യം.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ശിൽപശാല കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പാഠ്യ വിഷയങ്ങൾക്കൊപ്പം കൃഷി, വയറിംഗ്, ഫാഷൻ ടെക്നോളജി, പാചകം, മരപ്പണി, ഇലക്ട്രോണിക്സ്, പ്ലംബിംഗ് ഉൾപ്പടെ ഏഴ് വ്യത്യസ്ത തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങൾ ക്രിയേറ്റീവ് കോർണറിലൂടെ ഓരോ സ്കൂളിലും ലഭ്യമാക്കും. ഓരോ ക്ലാസിനും അനുയോജ്യമായ മാതൃകാ പ്രവർത്തനങ്ങളടങ്ങിയ ക്രിയേറ്റീവ് കോർണർ ഹാൻഡ്ബുക്ക് സ്കൂളുകൾക്ക് വിതരണം ചെയ്യും.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ശിൽപശാലയിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. പനമരം, നൂൽപ്പുഴ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ലക്ഷ്മി ആലക്കമറ്റം, എം.കെ. ജയ, സി.പി. രഞ്ജിത്ത്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.വി. മൻമോഹൻ, എസ്എസ്കെ വയനാട് ഡിപിസി വി. അനിൽകുമാർ, ഡയറ്റ് സീനിയർ ലക്ച്ചറർ പി.ആർ. ഷീജ, വിദ്യാകിരണം കോഓർഡിനേറ്റർ വിൽസണ്‍ തോമസ്, എസ്എസ്കെ ഡിപിഒ കെ.ആർ. രാജേഷ്, ജനപ്രതിനിധികൾ, അധ്യാപകർ, എസ്എസ്കെ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Creative Corner