തകർന്നു കിടക്കുന്ന കടപ്പാറ റോഡിൽ മേമല വഴിക്കുസമീപത്തെ കുഴികൾ.
മംഗലംഡാം: മലയോരത്തേക്കുള്ള മംഗലംഡാം- കടപ്പാറ റോഡിൽ കടമപ്പുഴ വെറ്റിലതോട്ടിൽനിന്ന് കടപ്പാറയിലേക്കുള്ള രണ്ടുകിലോമീറ്റർ റോഡിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നീളുന്നത് യാത്രക്കാർക്കുണ്ടാക്കുന്ന ദുരിതം കുറച്ചൊന്നുമല്ല.
തകർന്ന റോഡ് നന്നാക്കാൻ ആരുമില്ലാത്ത സ്ഥിതിയാണിപ്പോൾ. നടന്നുപോകാൻപോലും കഴിയാത്തവിധം റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിലായി. വർഷങ്ങളേറെയായുള്ള റോഡിന്റെ സ്ഥിതിയാണിത്.
റോഡ് ആരുടേത്?
റോഡ് തങ്ങളുടെതല്ലെന്നാണ് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പറയുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും കൈമലർത്തുന്നു. എംപി, എംഎൽഎ ഫണ്ടുമില്ല.
പ്രധാനമന്ത്രിയുടെ റോഡ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണ് ഇപ്പോൾ അനാഥാവസ്ഥയിൽ തുടരുന്നത്. പൊൻകണ്ടത്തുനിന്ന് കടപ്പാറയിലേക്കുള്ള റോഡാണ് ഒരുപതിറ്റാണ്ടുമുമ്പ് നിർമിച്ചത്.
എന്നാൽ മംഗലംഡാമിൽനിന്ന് റോഡ് അളന്നപ്പോൾ കടപ്പാറയ്ക്ക് മുമ്പ് കടമപ്പുഴയിലെത്തിയപ്പോൾ തങ്ങളുടെ റോഡിന്റെ ദൂരമായെന്നുപറഞ്ഞ് പൊതുമരാമത്ത് വകുപ്പ് ശേഷിച്ച റോഡ് ഏറ്റെടുക്കാൻ തയാറാകാത്തതാണ് പ്രശ്നമായത്.
13 കിലോമീറ്റർ ദൂരംവരുന്ന റോഡ് മാത്രമേ തങ്ങളുടെതായുള്ളൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. ഇതേതുടർന്ന് റോഡിന്റെ അറ്റകുറ്റപ്പണികളും അവതാളത്തിലായി.
നിയമം ആരുപറയും?
പ്രധാനമന്ത്രിയുടെ റോഡ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് നിശ്ചിത കാലാവധി കഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അറ്റകുറ്റപ്പണികളും ആവശ്യമാണെങ്കിൽ റീടാറിംഗ് വർക്കുകളും നടത്തണമെന്നാണ് വ്യവസ്ഥ.
അനുഭവിച്ചറിയണം...
ആദിവാസി ഉന്നതികളുള്ള കടപ്പാറ മൂർത്തിക്കുന്ന്, തളികക്കല്ല് മറ്റു ജനവാസ മേഖലകളായ പോത്തംതോട്, മേമല, കുഞ്ചിയാർപ്പതി, കടപ്പാറ ദേവാലയം, ക്ഷേത്രം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാർഗമാണിത്. റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഇതിനാൽ ബസ് ഓടിക്കാനും ഏറെ ബുദ്ധിമുട്ടാണെന്ന് ജീവനക്കാരും പറയുന്നു. പലയിടത്തും കുളം പോലെയാണ് റോഡിന്റെ സ്ഥിതി.
സാങ്കേതികത്വംപറഞ്ഞ് ഇനിയും കഷ്ടപ്പെടുത്താതെ റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. കാട്ടുപോത്തും കടുവയും ആനയും പുലിയുമൊക്കെ വരുന്ന പ്രദേശത്താണ് റോഡ് തകർന്നുകിടക്കുന്നത്. ഏതെങ്കിലും വന്യമൃഗം മുന്നിൽ വന്നുപെട്ടാൽ പെട്ടെന്ന് വാഹനം ഓടിച്ചുപോകാനും റോഡ് തകർച്ചമൂലം കഴിയാത്ത സ്ഥിതിയാണ്.
Tags : NattuVishesham DistrictNews