ഡൽഹി ജന്തർ മന്തർ സമരങ്ങൾക്ക് ഐക്യദാർഢ്യവുമായി മതനിരപേക്ഷ ജനാധിപത്യകൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സാംസ്കാരിക സായാഹ്നത്തിന്റെ ഭാഗമായി തൃശൂർ നഗ
തൃശൂർ: ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാംസ്കാരികനഗരി. രാജ്യത്തെ ജനാധിപത്യഅവകാശങ്ങൾ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരേ ഡൽഹി ജന്തർമന്തറിൽ ആരംഭിച്ച് രാജ്യമാകെ പടർന്ന സമരത്തിനു പിന്തുണയർപ്പിച്ചാണ് തൃശൂരിൽ ജനങ്ങൾ അണിനിരന്നത്. ജനാധിപത്യ മതേതര കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസദസിൽ ഇന്ത്യ എന്ന ആശയം സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്നും പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങളെ ചെറുത്തുതോൽപിക്കുമെന്നും പങ്കെടുത്തവർ പ്രതിജ്ഞയെടുത്തു.
സിഎംഎസ് സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച റാലി സാഹിത്യഅക്കാദമിയിൽ സമാപിച്ചു. ഭരണഘടനയും അംബേദ്കർ, ഗാന്ധിജി എന്നിവരുടെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകൾ ഏന്തിയാണു ജനം റാലിയിൽ അണിനിരന്നത്. തുടർന്നുനടന്ന ഐക്യദാർഢ്യസദസ് പ്രതിഷേധത്തിന്റെയും കലയുടെയും വേദി കൂടിയായി മാറി.
അഞ്ചു മണിക്കൂറിലധികം നീണ്ട സദസിൽ പാട്ടുകളും കവിതകളും നാടൻപാട്ടുകളും ഉൗരാളി ഗാനങ്ങളും ഹിപ് ഹോപ് പ്രകടനങ്ങളും അരങ്ങേറി. പ്രമുഖ രാഷ്ട്രീയ, മനുഷ്യാവകാശ, സാമൂഹികപ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ കേന്ദ്രനയങ്ങൾക്കെതിരേ കടുത്ത പ്രതിഷേധമുയർന്നു.
Tags :