മംഗലത്തുതാഴം-കാരമല റോഡിൽ പുനർനിർമാണം ആരംഭിച്ചപ്പോൾ.
കൂത്താട്ടുകുളം: മംഗലത്തുതാഴം-കാരമല റോഡിന് ഒടുവിൽ ശാപമോക്ഷം. പാലക്കുഴ പഞ്ചായത്തിലെ എട്ടാം വാർഡിലൂടെ കടന്നുപോകുന്ന റോഡിന്റെ ഏറ്റവും തകർന്ന ഭാഗങ്ങൾ ടൈൽ വിരിച്ച് പുനർ നിർമാണം ആരംഭിച്ചു. മാസങ്ങളായി തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന വ്യാപക പരാതിക്കും വാർത്തകൾക്കും പിന്നാലെയാണ് ഇപ്പോൾ അടിയന്തര നടപടി.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു. ഐനുമാകിൽതാഴം ഭാഗത്ത് റോഡ് പൂർണമായും ഇല്ലായിരുന്നു. ചെറിയൊരു മഴ പെയ്താൽ പോലും ഇവിടെ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുമെന്നതായിരുന്നു അവസ്ഥ.
മഴക്കാലത്ത് റോഡിലെ വെള്ളം ഒഴുക്കിക്കളയാൻ കൃത്യമായ അഴുക്കുചാൽ സംവിധാനവുമില്ലായിരുന്നു. ഇതിന് താത്കാലിക പരിഹാരമെന്ന നിലയിൽ റോഡിന് കുറുകെ ശാസ്ത്രീയമായ രീതിയിൽ ചപ്പാത്ത് നിർമിച്ചിട്ടുണ്ട്.
സമീപത്തെ കരിങ്കൽ ക്വാറികളിൽ നിന്നും ക്രഷർ യൂണിറ്റുകളിൽ നിന്നും അമിതഭാരം കയറ്റി വരുന്ന ലോറികളാണ് റോഡിന്റെ ദുർഗതിക്ക് പ്രധാന കാരണമെന്നാണ് ആരോപണം. റോഡ് ടൈൽ വിരിച്ച് നവീകരിക്കുന്നതോടെ ഇതുവഴിയുള്ള യാത്രാ ദുരിതത്തിനും അറുതിയാകും. നവീകരിച്ച റോഡിൽ അമിതഭാരം കയറ്റിയുള്ള വാഹനങ്ങളുടെ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : road Nattuvishesham DistrictNews