അന്തിമഘട്ടത്തിലെത്തിയ ഈസ്റ്റ് ഒറ്റപ്പാലത്തെ പുതിയ പാലം നിർമാണം.
ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പ്രധാനപാതയിൽ ഈസ്റ്റ് ഒറ്റപ്പാലത്ത് നിർമിക്കുന്ന പുതിയ പാലം ഉടൻ തുറന്നുകൊടുക്കാൻ തീരുമാനം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈസ്റ്റ് ഒറ്റപ്പാലത്തെ പുതിയ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്.
അടുത്തമാസം ആദ്യവാരം പാലത്തിൽ ട്രയൽറൺ നടത്താനാണ് തീരുമാനം. ട്രയൽറൺ നടത്തി അപാകതകളില്ലെന്നു ബോധ്യപ്പെട്ടാൽ ശേഷിക്കുന്ന പ്രവൃത്തികൾകൂടി വേഗത്തിൽ പൂർത്തിയാക്കി പാലം തുറന്നുകൊടുക്കും.
പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിനു ഡിസംബർവരെ കാത്തിരിക്കണമെന്നാണ് അധികൃതർ നൽകുന്ന വിവരം.
പാലക്കാട്- കുളപ്പുള്ളി പാതയിൽ ഒഴിയാബാധയായി മാറിയ ഗതാഗതക്കുരുക്കിന് മുഖ്യകാരണം കുണ്ടുംകുഴിയുമായി കിടക്കുന്ന വീതികുറഞ്ഞ ഈസ്റ്റ് ഒറ്റപ്പാലത്തെ പഴയ പാലമാണ്. ഇതിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലം യാഥാർഥ്യമാകുന്നതോടെ നിലവിലെ ഗതാഗതക്കുരുക്കൊഴിയും.
അറ്റകുറ്റപ്പണികൾ നടത്തി പഴയ പാലം സംരക്ഷിക്കാനാണ് തീരുമാനം. കണ്ണിയംപുറത്തെ തോട്ടുപാലങ്ങളിലേതിനു സമാനമായി വാഹനങ്ങൾക്ക് വരാനുംപോകാനും ഓരോ പാലങ്ങൾ ഈസ്റ്റ് ഒറ്റപ്പാലത്തും ഒരുക്കും.
നിർമാണ പ്രവൃത്തികൾ മന്ദഗതിയിലെന്നു ആക്ഷേപം ഉയർന്നിരുന്നെങ്കിലും നിലവിൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. കാലവർഷം ശക്തമല്ലാതിരുന്നതും നിർമാണപ്രവൃത്തികൾക്ക് അനുഗ്രഹമായി. 5.08 കോടി രൂപ ചെലവിട്ടാണ് പുതിയ പാലത്തിന്റെ നിർമാണം.