പ്രതീകാത്മക ചിത്രം
കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തില്‍ തെരുവുനായയുടെ കടിയേറ്റ അധ്യാപികയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബു അറിയിച്ചു.
ഇക്കാര്യത്തിൽ പഞ്ചായത്ത് ബോർഡ് അംഗങ്ങൾ ഐക്യകണ്ഠേന തീരുമാനമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വെച്ച് 2014 മാർച്ചിൽ ആയിരുന്നു അമൃത പ്രിയക്ക് നായയുടെ കടിയേറ്റത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഇവർ കോടതിയെ സമീപിക്കുകയായിരുന്നു നായയുടെ കടിയേറ്റതിന്റെ നഷ്ടപരിഹാര തുകയായി 52,000 രൂപ അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി ഡോഗ് വിക്ടിം കോംപൻസേഷൻ റെക്കമെന്റെഷൻ കമ്മറ്റി കോഴിക്കോടിന്റെ ഉത്തരവ് വ്യാഴാഴ്ച ചേർന്ന പഞ്ചായത്ത് യോഗം ചർച്ച ചെയ്യുകയും തുക അനുവദിക്കുന്നതിന് തീരുമാനമെടുക്കുകയായിരുന്നു.
ഇതോടൊപ്പം തെരുവ് നായ്ക്കളുടെ നിയന്ത്രണത്തിനായി ഭക്ഷ്യമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് നടപടികൾ ഊർജ്ജപ്പെടുത്തുമെന്നും വളർത്തു നായ്ക്കൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് ബോർഡ് അറിയിച്ചു.തെരുവ് നായ ശല്യം ഒഴിവാക്കുന്നതിനായി പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ ഷട്ടറുകൾ സ്ഥാപിക്കും .
തെരുവ് പട്ടികളുടെ നിയന്ത്രണത്തിന് സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച സ്ട്രേ ഡോഗ് മാനേജ്മെന്റ് കമ്മിറ്റിവാർഡ് തലങ്ങളിൽ ഉടൻ യോഗങ്ങൾ വിളിച്ചു ചേർക്കുമെന്നും പ്രസിഡന്റ് പി കെ. ബാബു പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews