ഇരിങ്ങാലക്കുട: വിദ്യാഭ്യാസം എന്നത് അക്കാദമിക നിലവാരമുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങിക്കൂട്ടി നല്ലൊരു ജോലി നേടുക എന്നതു മാത്രമല്ല സംസ്കാരമുള്ള നല്ല മനുഷ്യരായിത്തീരുക എന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കാനായി സംഘടിപ്പിച്ച ദീപിക ‘ആദരം 2026’ ഇരിങ്ങാലക്കുട മേഖലാപരിപാടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ദൈവത്തിന്റെ സ്വന്തം നാട് ലഹരിവസ്തുക്കൾ സുലഭമായി കിട്ടുന്ന നാടായി മാറിയിരിക്കുന്നു എന്നുള്ള വലിയ വെല്ലുവിളി നാം നേരിട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് അരുതാത്തിടത്ത് വേണ്ട എന്നു പറയാനുള്ള ആർജവമുള്ള വ്യക്തികളായി നാം മാറണമെന്നും മേരി തോമസ് കൂട്ടിച്ചേർത്തു.
ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. വിൽസണ്‍ ഈരത്തറ അനുഗ്രഹപ്രഭാഷണം നടത്തി.
ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപറന്പിൽ, ദീപിക റസിഡന്റ് മാനേജർ ഫാ. ജിയോ തെക്കിനിയത്ത്, മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. അജിത്ത് തച്ചോത്ത്, ദീപിക ബിസിനസ് എക്സലൻസ് അവാർഡ് ജേതാവ് ഷാജു വാലപ്പൻ, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് ജോസഫ് വാസുപുരത്തുകാരൻ എന്നിവർ പ്രസംഗിച്ചു. ദീപിക കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ഫാ. റിന്റോ പയ്യപ്പിള്ളി സ്വാഗതവും ദീപിക ഇരിങ്ങാലക്കുട ഏരിയ റിപ്പോർട്ടർ ഷോബി കെ. പോൾ നന്ദിയും പറഞ്ഞു.