ഗുരുവായൂർ: പതിനായിരക്കണക്കിനു ഭക്തരെത്തുന്ന ക്ഷേത്രസന്നിധിയിൽ സാധാരണക്കാരായ ഭക്തർക്ക് അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്കും ദുരിതത്തിനും പുതിയ ദേവസ്വംമന്ത്രി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണു ഭക്തർ. സ്ഥിരസന്ദർശകനാണെങ്കിലും, ദേവസ്വംമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണു കെ. മുരളീധരൻ ഇന്നു ഗുരുവായൂരിലെത്തുന്നത്. ക്ഷേത്രദർശനത്തിനുശേഷം രാവിലെ 10.30നു ദേവസ്വം കോണ്ഫറൻസ് ഹാളിൽ ദേവസ്വം ബോർഡ് ചെയർമാന്റെയും അംഗങ്ങളുടെയും യോഗം മന്ത്രി വിളിച്ചിട്ടുണ്ട്. യോഗത്തിൽ ഭക്തർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ചർച്ചചെയ്യും.
ദർശനത്തിന് വരികോംപ്ലക്സ് വേണം
ക്ഷ്രേത്രദർശനത്തിന് അഞ്ചുമുതൽ എട്ടുമണിക്കൂർ വരെയാണു വരിയിൽ നിൽക്കേണ്ടിവരുന്നത്. പ്രാഥമിക ആവശ്യംപോലും നിറവേറ്റാൻ നിർവാഹമില്ലാതെയാണു പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ബുദ്ധിമുട്ടുന്നത്. മാറിമാറി വരുന്ന ഭരണസമിതികൾ വരി കോംപ്ലക്സുകൾ നിർമിക്കുമെന്നു പറയുമെങ്കിലും വാഗ്ദാനംമാത്രമായി ഒതുങ്ങുകയാണുപതിവ്. വഴിപാട് ശീട്ടാക്കുന്നതിനും പ്രസാദം വാങ്ങുന്നതിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനും എടുക്കുന്നതിനുമായി ആറു വരികൾ നിന്നാലാണ് ഒരു ഭക്തനു ദർശനം പൂർത്തീകരിക്കാനാകുന്നത്. ഇതിന് അടിയന്തര പരിഹാരത്തിനു നടപടിയുണ്ടാകണം.
വേണം മികച്ച ആശുപത്രി
ഭക്തരുടെയും പൊതുജനങ്ങളുടെയും ദീർഘകാലത്തെ ആവശ്യമാണ് ഗുരുവായൂർ ദേവസ്വംവക മികച്ച ആശുപത്രി. വ്യവസായി മുകേഷ് അംബാനി ആശുപത്രി നിർമിക്കാനായി 15 കോടി ദേവസ്വത്തിനു കൈമാറുകയും ചെയ്തു. മുൻ മന്ത്രി നിർമാണോദ്ഘാടനം നടത്തിയ ആശുപത്രി കമ്മീഷണറുടെ അനുമതി ലഭിക്കാതെ നിർമാണം മുടങ്ങിക്കിടപ്പാണ്.
ഭൂമി ഏറ്റെടുക്കൽ ആശങ്ക പരിഹരിക്കണം
ക്ഷേത്രത്തിനുചുറ്റും 100 മീറ്റർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂഉടമകളും വ്യാപാരികളും ആശങ്കയിലാണ്. നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും സംബന്ധിച്ച് ഒരു ഉറപ്പും നൽകാതെയാണ് ഭൂമി ഏറ്റെടുക്കലുമായി അധികൃതർ മുന്നോട്ടുപോകുന്നത്. നൂറുകണക്കിനു കുടുംബങ്ങൾ വഴിയാധാരമാകുന്ന നടപടിക്കു പരിഹാരം ഉണ്ടാവണം.
ജീവനക്കാർ ഭക്തജനസൗഹൃദമാകണം
ഭക്തരോട് പരുഷമായി പെരുമാറുന്ന ഒരു വിഭാഗം സെക്യൂരിറ്റിക്കാരും ജീവനക്കാരും ക്ഷേത്രത്തിൽ ഉള്ളതായി ആക്ഷേപമുണ്ട്. ഇവരുടെ പെരുമാറ്റം ഭക്തജനസൗഹൃദമാക്കാൻ ഇടപെടൽ വേണം. പ്രാദേശികഭക്തർക്കും മുതിർന്ന പൗരൻമാർക്കും പ്രത്യേക പരിഗണന നൽകണമെന്ന ആവശ്യവും ശക്തമാണ്.
വേണം ദേവസ്വത്തിനു മാസ്റ്റർപ്ലാൻ
ഗുരുവായൂർ ക്ഷേത്രത്തിന്റെ വികസനത്തിനു ഫലപ്രദമായതും പ്രായോഗികമായതുമായ മാസ്റ്റർപ്ലാൻ വേണം. 50 വർഷം മുന്നിൽകണ്ടുള്ള വികസനപദ്ധതികൾ തയാറാക്കണം. തിരക്ക് ലഘൂകരിക്കുന്നതിനും ഭക്തർക്ക് സൗകര്യം ഒരുക്കുന്നതുമായ പദ്ധതികൾ വേണം. ക്ഷേത്രപാരന്പര്യക്കാരെയും വ്യാപാരികളെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കണം.
Tags : nattu vishesham Devaswom Minister Muralidharan i Guruvayur today.