x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​ക​ളെ കാ​ത്ത് അ​ജാ​നൂ​രി​ലെ ഡ​യാ​ലി​സി​സ് കേ​ന്ദ്രം


Published: April 19, 2026 07:10 AM IST | Updated: April 19, 2026 07:10 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​ത്തി​ൽ നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള അ​ജാ​നൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഡ​യാ​ലി​സി​സ് കേ​ന്ദ്രം തു​ട​ങ്ങി​യി​ട്ടും രോ​ഗി​ക​ളെ​ത്താ​ൻ തു​ട​ങ്ങി​യി​ല്ല. കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ഒ​രു മാ​സ​മാ​യി​ട്ടും ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ട്ട് മെ​ഷീ​നു​ക​ളോ​ടു​കൂ​ടി​യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ൽ ദി​വ​സേ​ന മൂ​ന്നു ഷി​ഫ്‌​റ്റു​ക​ളി​ലാ​യി 20 പേ​ർ​ക്കു​വ​രെ ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ണ്ട്.

അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ത​ന്നെ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന നാ​ൽ​പ​തി​ലേ​റെ പേ​രു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള​വ​രെ കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഇ​തി​ന്‍റെ ര​ണ്ടി​ര​ട്ടി​യി​ലേ​റെ​യാ​കും.

പ​ക്ഷേ മാ​സ​ങ്ങ​ളോ വ​ർ​ഷ​ങ്ങ​ളോ ആ​യി മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​ർ​ക്ക് പു​തി​യൊ​രു സ്ഥ​ല​ത്തേ​ക്ക് വ​രാ​ൻ തു​ട​ക്ക​ത്തി​ൽ വൈ​മ​ന​സ്യ​വും ഭ​യ​വു​മൊ​ക്കെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​നു​ഭ​വം. ഇ​ത് മാ​റ്റി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ ഏ​റെ നാ​ളു​ക​ളെ​ടു​ക്കും. പ​ല​രും ഇ​പ്പോ​ഴും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ചെ​യ്ത് പ​രി​യാ​ര​ത്തും കാ​സ​ർ​ഗോ​ട്ടും മം​ഗ​ളൂ​രു​വി​ലു​മൊ​ക്കെ ചെ​ന്നാ​ണ് ഡ​യാ​ലി​സി​സ് ന​ട​ത്തു​ന്ന​ത്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ന്‍റെ സാ​മൂ​ഹ്യ​സേ​വ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് അ​ജാ​നൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് അ​ത്യാ​ധു​നി​ക ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ വെ​ല്ലു​ന്ന സൗ​ക​ര്യ​ങ്ങ​ളു​ള്ള​പ്പോ​ഴും ഒ​രു ഡ​യാ​ലി​സി​സി​ന് 100 രൂ​പ മാ​ത്ര​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​ണെ​ങ്കി​ൽ അ​തും ന​ൽ​കേ​ണ്ട​തി​ല്ല. ആ​ശു​പ​ത്രി​യി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്.

ഇ​തോ​ടൊ​പ്പം പ​ഞ്ചാ​യ​ത്തി​ന്‍റെ ചെ​ല​വി​ൽ ര​ണ്ട് ടെ​ക്‌​നീ​ഷ്യ​ന്മാ​രെ​യും ഒ​രു സ്റ്റാ​ഫ് ന​ഴ്‌​സി​നെ​യും ഒ​രു ക്ലീ​നിം​ഗ് സ്റ്റാ​ഫി​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

 

 

Tags : nattu vishesham Dialysis center Ajanur awaits

Recent News

Corehub Up