പ്രതീകാത്മക ചിത്രം
മലപ്പുറം: ജില്ലയിൽ "എന്റെ ഭൂമി’ ഡിജിറ്റൽ റീസർവേ പദ്ധതി വേഗത്തിൽ മുന്നേറുന്നതായി മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല റവന്യു വകുപ്പ് അവലോകന യോഗത്തിൽ അറിയിച്ചു. 21 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായി. 14 വില്ലേജുകളിൽ സർവേയുടെ തുടർഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്പോൾ 15 വില്ലേജുകളിൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 100 ദിന കർമപരിപാടിയുടെ ഭാഗമായി 4,200 എൽആർഎം കേസുകൾ തീർപ്പാക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. പേര് തിരുത്തൽ, വിസ്തീർണ വ്യത്യാസം, അതിർത്തി നിർണയം, ഭൂമിയുടെ തരംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണന നൽകി പരിഗണിക്കും.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടികളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ ആകെ 120 കൈയേറ്റ കേസുകളിൽ 34 കേസുകളിൽ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള കേസുകളിൽ നിയമനടപടികളും സ്ഥലപരിശോധനയും പുരോഗമിക്കുകയാണ്. പൊതുജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചും കോടതി നിർദേശങ്ങൾ പാലിച്ചും തുടർനടപടികൾ സ്വീകരിക്കും.
ലാൻഡ് ട്രിബ്യൂണൽ, സോണൽ ലാൻഡ് ബോർഡ് എന്നിവിടങ്ങളിലെ ഫയൽ കെട്ടിക്കിടക്കുന്നത് കുറയ്ക്കുന്നതിനും ജീവനക്കാരുടെ വിന്യാസം കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികൾക്കും അവലോകന യോഗത്തിൽ മുൻഗണന നൽകി.
യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, ലാൻഡ് ബോർഡ് സെക്രട്ടറി സബിൻ സമീദ്, സർവേ ഡയറക്ടർ ജെ.ഒ. അരുണ്‍, സബ്കളക്ടർമാരായ ദിലീപ് കൈനിക്കര, സാക്ഷി മോഹൻ, എഡിഎം പി.ഒ.സാദിഖ്, റവന്യൂ വകുപ്പിലെ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.