കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് നടത്തപ്പെട്ട കാരുണ്യ സംഗമം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. മാർ ജോസ് പുളിക്കൽ, ഫാ.ഡോ. സെബാസ്റ്റ്യൻ കൊ
കാഞ്ഞിരപ്പള്ളി: ജീവകാരുണ്യ ശുശ്രൂഷ ദൈവികമായ ശുശ്രൂഷയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് ചെങ്കൽ എയ്ഞ്ചൽസ് വില്ലേജിൽ നടത്തപ്പെട്ട രൂപതയിലെ ജീവകാരുണ്യാശ്രമങ്ങളുടെ സംഗമം - കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തിന്റെ മുഖത്തെ പ്രതിഫലിപ്പിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ ശുശ്രൂഷകൾ അനുകരണീയ മാതൃക നൽകുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
മനുഷ്യ ജീവന്റെ മഹത്വം മനസിലാക്കുന്ന സഭ ജീവനെ സംരക്ഷിക്കുന്നതിനും ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിനും ജാഗ്രതയുള്ളവളായി വർത്തിക്കുന്നുവെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ പറഞ്ഞു. ജീവകാരുണ്യ ആശ്രമങ്ങളിലെ ശുശ്രൂഷകളിൽ വിശ്വാസി സമൂഹം ഹൃദയപൂർവം പങ്കുചേരുന്നത് അഭിനന്ദനാർഹമാണ്. ജീവകാരുണ്യ ശുശ്രൂഷകളിൽ നമുക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
ജീവകാരുണ്യാശ്രമങ്ങളുടെ ചുമതലയുള്ള വികാരി ജനറാൾ ഫാ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപതയിലെ കെയർഹോമുകളുടെ ഏകോപന സമിതിയായ വീകെയർ ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, കാഞ്ഞിരപ്പള്ളി കർമലീത്ത സന്യാസിനി സമൂഹം പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വിനയ ഗ്രേസ്, ഫാ. തോമസ് കണ്ടത്തിൽ, ജോർജ്കുട്ടി ആഗസ്തി, സിസ്റ്റർ ആൻസ് മാത്യു എസ്എബിഎസ്, സന്തോഷ് മരിയ സദൻ എന്നിവർ പ്രസംഗിച്ചു.
രൂപതയിലെ ജീവകാരുണ്യാശ്രമങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിന് സഹായിക്കുന്ന ഡയറക്ടറിയുടെ പ്രകാശനം മാർ ജോസ് പുളിക്കൽ നിർവഹിച്ചു. ജീവകാരുണ്യാശ്രമങ്ങളിൽ ദീർഘകാലമായി സ്തുത്യർഹ ശുശ്രൂഷ നിർവഹിക്കുന്ന ബ്രദർ ജോസ് മാത്യു (കട്ടപ്പന സെന്റ് ഓഫ് ഗോഡ്), സിസ്റ്റർ ഔറേലിയ സിഎസ്സി (അഞ്ചിലിപ്പ അഭയഭവൻ), വർഗീസ് തഴയ്ക്കൽ (ചെങ്കൽ നസ്രത്ത് ആശ്രമം) എന്നിവരെ യോഗത്തിൽ ആദരിച്ചു. പാലാ മരിയ സദൻ ഓർക്കസ്ട്രയുടെ നൃത്ത-സംഗീത ശിൽപം, വിവിധ ജീവകാരുണ്യാശ്രമങ്ങളുടെ കലാപരിപാടികൾ എന്നിവ ജീവകാരുണ്യ സംഗമത്തിന് ദൃശ്യവിരുന്നൊരുക്കി.
രൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും വിവിധ സന്യാസ സമൂഹങ്ങളുടെയും ആത്മായ സഹോദരങ്ങളുടെയും നേതൃത്വത്തിലും മൂവായിരത്തോളം വ്യക്തികൾക്ക് താമസം, ഭക്ഷണം, ചികിത്സയുൾപ്പെടെ അഭയം നൽകുന്ന 70 സ്ഥാപനങ്ങളാണ് കാഞ്ഞിരപ്പള്ളി രൂപതയിൽ പ്രവർത്തിക്കുന്നത്. ജീവകാരുണ്യ ആശ്രമങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ 600 മുഴുവൻ സമയ ശുശ്രൂഷകർ,വിശ്വാസി സമൂഹം, സുമനസുകൾ എന്നിവർ പങ്കുചേരുന്നു.
Tags : NattuVishesham DistrictNews